ജോജുവിന്റെ ജീവിതംതന്നെ ഒരു കഥയാണ്; ‘ജഗമേ തന്തിര’ത്തിലേക്ക് താരത്തെ തിരഞ്ഞെടുത്തതിനെക്കുറിച്ച് കാർത്തിക് സുബ്ബരാജ്…
മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നടനാണ് ജോജു ജോർജ്. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും അരങ്ങേറ്റം കുറിച്ച താരം ജഗമേ തന്തിരം എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രലോകത്തും ശ്രദ്ധ നേടുകയാണ്. ധനുഷ് നായകനാകുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് ജോജുവിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.
ജോസഫിലേയും ചോലയിലെയും ജോജുവിന്റെ അഭിനയമാണ് ഈ ചിത്രത്തിലേക്ക് ജോജുവിനെ തിരഞ്ഞെടുക്കാൻ കാരണം എന്നാണ് കാർത്തിക് സുബ്ബരാജ് പറയുന്നത്. ‘ജഗമേ തന്തിരം എന്ന ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് പലരെയും ആലോചിച്ചു. അതിന് ശേഷമാണ് ജോജുവിന്റെ ചോലയും ജോസഫും കണ്ടത്. ഈ ചിത്രങ്ങളിലെ അഭിനയം മികച്ചത് എന്ന് പറഞ്ഞാൽ പോരാ, അത് വളരെ മികച്ചതായിരുന്നു. പ്രത്യേകിച്ച് ജോസഫിലെ അഭിനയം. അങ്ങനെയാണ് ഈ കഥാപാത്രത്തിനായി ജോജുവിലേക്ക് എത്തുന്നത്.
ജോജുവിന്റെ ജീവിതം തന്നെ ഒരു കഥയാണ്. ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന അദ്ദേഹം ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് ഇവിടെ വരെ എത്തിയത്. ഈ സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയവും അതിഗംഭീരമാണ്. ഞങ്ങളെയൊക്കെ അദ്ദേഹം ഞെട്ടിച്ചുകളഞ്ഞു. ചിത്രം റിലീസ് ചെയ്യുമ്പോൾ നിങ്ങളും അത്ഭുതപ്പെടും. അതിന് പുറമെ അദ്ദേഹം നല്ലൊരു മനുഷ്യൻ കൂടിയാണ്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നു’. കാർത്തിക് സുബ്ബരാജ് പറഞ്ഞു.
സിനിമ ആസ്വാദകർ കാത്തിരിക്കുന്ന കാർത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിൽ ജോജുവിനും ധനുഷിനും പുറമെ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂൺ 18 ന് സിനിമ നെറ്റ്ഫ്ലിക്സ് റിലീസായാണ് എത്തുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊറോണ വൈറസ് പ്രതിസന്ധി കാരണം നീട്ടിവയ്ക്കുകയായിരുന്നു. പതിനേഴിലധികം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്ന ആദ്യ തമിഴ് സിനിമ കൂടിയാണ് ജഗമേ തന്തിരം.
Read also:ഗ്യാങ്സ്റ്ററായി ധനുഷ്; ശ്രദ്ധനേടി ഐശ്വര്യ ലക്ഷ്മിയും ജോജു ജോർജും അഭിനയിച്ച ‘ജഗമേ തന്തിരം’ ട്രെയ്ലർ
Story Highlights:jagame thandhiram karthik subbaraj talks about joju jeorge