വിസ്മയ എഴുതിയ ആ കത്ത് ഒടുവില്‍ കാളിദാസിന്റെ അരികിലെത്തി; ‘മാപ്പ്, ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്’ ഹൃദയം തൊട്ട് താരത്തിന്റെ വാക്കുകള്‍
വിസ്മയ, ആ പേര് ഒരു ആളലാണ്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനസ്സുകളില്‍ നെരിപ്പോടായി എരിയുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനങ്ങള്‍ എറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയ വിസ്മയുടെ ഓര്‍മകള്‍ക്കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങളും. ചലച്ചിത്രതാരം കാളിദാസ് പങ്കുവെച്ച വാക്കുകളും ഉള്ളു തൊടുന്നു. മുന്‍പൊരിക്കല്‍ വിസ്മയ തനിക്കായി എഴുതിയ കത്തിനെക്കുറിച്ചാണ് താരത്തിന്റെ വാക്കുകള്‍.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാലെന്‍ന്റൈന്‍സ് ദിനത്തില്‍ വിസ്മയയുടെ കോളജില്‍ ഒരു പ്രണയലേഖന മത്സരം നടന്നു. അന്ന് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനായ കാളിദാസ് ജയറാമിനാണ് വിസ്മയ കത്തെഴുതിയത്. ഉറ്റസുഹൃത്തും സഹപാഠിയുമയിരുന്ന അരുണിമ ഈ കത്ത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പങ്കുവെച്ചതോടെ കാളിദാസും കത്തിനെക്കുറിച്ചറിഞ്ഞു.
‘ അന്നവളും എഴുതി ഒരു ലവ് ലെറ്റര്‍, ഒരു തമാശക്ക്, അവളുടെ ഫേവറേറ്റ് ആക്ടര്‍ കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് എഫ്ബിയില്‍ പോസ്റ്റ് ഇട്. എന്നിട്ട് എല്ലാരോടും ഷെയര്‍ ചെയ്യാന്‍ പറയ്, അങ്ങനെ എല്ലാരും ഷെയര്‍ ചെയുന്നു, പോസ്റ്റ് വൈറല്‍ ആവുന്നു, കാളി ഇത് കാണുന്നു, എന്നെ കോള്‍ ചെയുന്നു, ഞങ്ങള്‍ സെല്‍ഫി എടുക്കുന്നു…. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങള്‍, അന്ന് ഞാനാ ലവ് ലെറ്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആരും ഷെയര്‍ ചെയ്തില്ല. ഇന്നിപ്പോ നവമാധ്യമങ്ങള്‍ മുഴുവന്‍ അവളെ പറ്റി എഴുതുവാ… അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ, അവള് ആഗ്രഹിച്ച പോലെ വൈറല്‍ ആയി’ എന്നാണ് സുഹൃത്ത് കുറിച്ചത്.
ഈ കത്തിനെക്കുറിച്ച് കാളിദാസ് ജയറാം പങ്കുവെച്ച വാക്കുകളും ആരുടേയും മിഴി നിറയ്ക്കുന്നതാണ്. ‘പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമര്‍ന്ന സ്വപ്നങ്ങള്‍ക്ക്!’ എന്നാണ് കാളിദാസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
Story highlights: Kalidas Jayaram about Vismaya’s letter