ആറു ദിവസംകൊണ്ട് സിലമ്പം പഠിച്ചെടുത്ത് ലെന- വിഡിയോ

June 24, 2021

പുതുമകൾ പരീക്ഷിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് നടി ലെന. ഇപ്പോഴിതാ, തമിഴ്‌നാട്ടിലെ പരമ്പരാഗത ആയോധന കല പരിശീലിക്കുന്ന വിശേഷം പങ്കുവയ്ക്കുകയാണ് നടി. കേരളത്തിലെ കളരിപ്പയറ്റിന് സമാനമായ സിലമ്പമാണ് ലെന പരിശീലിച്ചത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്കൊപ്പം ആറുദിവസം കൊണ്ടാണ് ഈ പരമ്പരാഗത കല പരിശീലിച്ചതെന്ന് നടി പറയുന്നു.

മുളവടിയിൽ നടത്തുന്ന അഭ്യാസമാണ് സിലമ്പം. മുൻപ് പുരുഷന്മാർ മാത്രം നടത്തിയിരുന്ന 3000 വർഷം പഴക്കമുള്ള കലയാണ് ഇത്. സ്ത്രീകളും ഇപ്പോൾ സിലമ്പം പരിശീലിക്കുന്നുണ്ട്. ആറുദിവസംകൊണ്ട് ഇത്രയും പഠിച്ചതിൽ സൂപ്പർ ത്രില്ലിലാണ് എന്നാണ് നടി കുറിച്ചിരിക്കുന്നത്. റിച്ച ദിർഷിയാണ് സിലമ്പം പരിശീലിപ്പിച്ചതെന്നും നടി പറയുന്നു.

Read More: ഹൃദയം കീഴടക്കി ഒരു കുട്ടി യു ഡി സി; രസകരമായ വിഡിയോയുമായി മുക്ത

അതേസമയം,  ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിലാണ് ലെന ഏറ്റവും ഒടുവിൽ വേഷമിട്ടത്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’. ലണ്ടനിലെ അനധികൃത കുടിയേറ്റ കുടുംബത്തിന്റെ കഥ പങ്കുവയ്ക്കുന്ന ചിത്രത്തിന് നീത ശ്യാമാണ് തിരക്കഥ ഒരുക്കിയത്. മകളെ കാണാതാകുമ്പോൾ ഒരു കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. ദി പ്രൊഡക്ഷൻ ഹെഡ്ക്വാർട്ടേഴ്സിന്റെ ബാനറിൽ മോഹൻ നാടാർ ആണ് ചിത്രം നിർമ്മിക്കുന്നത്.

Story highlights- lena practicing silambam