ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി നടി മാളവിക
മലയാളിയെങ്കിലും അന്യഭാഷകളിലാണ് നടി മാളവിക മോഹനൻ സജീവം. ഏറ്റവുമൊടുവിൽ മാസ്റ്റർ എന്ന സിനിമയിൽ വിജയ്‌യുടെ നായികയായി വേഷമിട്ട മാളവിക, ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്. കേരളത്തിലെ നിരാലംബരായ കുട്ടികളെ പഠിപ്പിക്കാൻ സഹായിക്കുന്നതിനായി നടി ഒരു ധനസമാഹരണ യജ്ഞം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ വയനാട്ടിലെ ആദിവാസി മേഖലയിലെ കുട്ടികൾക്ക് പഠന സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് മാളവിക മോഹനൻ.
‘2015 ൽ ഞാൻ ആദ്യമായി വയനാട്ടിലെ ആദിവാസി സമൂഹത്തെ സന്ദർശിച്ചതുമുതൽ ഇത് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്. അവർക്ക് വിദ്യാഭ്യാസം നേടാനും അവരെ ശാക്തീകരിക്കാനും സഹായിക്കാനും അവർക്ക് മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്താനും ദാരിദ്ര്യ നിർമാർജനത്തിനും ഞാൻ ആഗ്രഹിക്കുന്നു.’- മാളവിക പറയുന്നു.
‘വയനാട്ടിലെ ആദിവാസി മേഖലയിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായി ഞാൻ ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുന്നു. വയനാട്ടിലെ ഓടപ്പള്ളം ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ആവശ്യമുണ്ട്. ലോക്ക്ഡൗൺ കാരണം, അവർക്ക് വിദ്യാഭ്യാസം തുടരാനുള്ള ഏക മാർഗം ഓൺലൈൻ ക്ലാസുകൾ ആണ്. നിങ്ങളുടെ സംഭാവനകളിലൂടെ ഓരോ ആദിവാസി സമൂഹത്തിനും കുറഞ്ഞത് 1 ലാപ്‌ടോപ്പും 1 സ്മാർട്ട് ഫോണും നൽകാൻ ഞങ്ങൾക്ക് കഴിയും. ഇത് 221 വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും. ഓരോ കുട്ടിക്കും പഠിക്കാൻ ഒരു ഉപകരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം’.- മാളവികയുടെ ധനസമാഹരണ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം, പേട്ട എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. ഛായാഗ്രാഹകൻ കെ. യു. മോഹനന്റെ മകളായ മാളവിക, പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. മലയാളം, കന്നഡ, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മാളവിക മജീദ് മജീദിയുടെ ബീയോണ്ട് ദി ക്‌ളൗഡ്‌സ് എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
Story highlights- Malavika Mohanan seeks donations to help wayanad tribal students