12 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പതികള്‍ വീണ്ടും പരസ്പരം വിവാഹിതരായി: ഇത് രോഗത്തെ തോല്പിച്ച സ്നേഹജീവിതം
ചില ജീവതകഥകള് പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. പരസ്പരമുള്ള സ്നേഹവും കരുതലുംകൊണ്ട് പ്രതിസന്ധികളേയും വെല്ലുവിളികളേയും തോല്പിച്ചവരുടെ ജീവിതാനുഭവങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളിലും നിറയുന്നത് അത്തരത്തിലുള്ള ഒരു ജീവിതാനുഭവ കഥയാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പരസ്പരം വിവാഹിതരായ ദമ്പതിമാരുടെ കഥ.
കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും ചെറുത്തുനില്‍പ്പിന്റേയും ചേര്ത്തുനിര്ത്തലിന്റേയും മനോഹരമായ ഒരു ഉദാഹരണമാണ് ഈ വിവാഹം. കണക്റ്റികട്ട് സ്വദേശിയായ പീറ്ററും ഭാര്യ ലിസയുമാണ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹിതരായത്. ആ വിവാഹത്തിന് പിന്നില്‍ ഒരു കഥയുണ്ട്, മനോഹരമായ ഒരു സ്നേഹ കഥ….
ഓര്‍മകളെ കവര്‍ന്നെടുക്കുന്ന അല്‍ഷിമേഴ്സ് രോഗാവസ്ഥയിലാണ് പീറ്റര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗം ബാധിച്ച അദ്ദേഹം തന്റെ ജീവിതത്തിലെ എല്ലാം കാര്യങ്ങളും തന്നെ മറന്നു. തനിക്കൊപ്പം നില്ക്കുന്നതും പരിചരിക്കുന്നതുമെല്ലാം ഭാര്യയാണെന്നും മറന്നു. എന്നാല്‍ അവളോടുള്ള സ്നേഹം ആ മനസ്സിന്റെ ഉള്ളിലെവിടെയോ നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു.
Read more: വിധികര്‍ത്താക്കളുടെ മേക്കോവറില്‍ കുട്ടിപ്പാട്ടുകാര്‍: ചിരിക്കാതിരിക്കാന്‍ ആവില്ല ഈ അനുകരണം കണ്ടാല്‍
അങ്ങനെയിരിക്കെ ഒരു ദിവസം ടിവിയില്‍ ഒരു വിവാഹ വിഡിയോ കണ്ടപ്പോള്‍ പീറ്റര്‍ പറഞ്ഞു, നമുക്കും ഇതുപോലെ ചെയ്താലോ എന്ന്’… എന്നെ വിവാഹം ചെയ്യണോ എന്ന് ലിസ നിറചിരിയോടെ ചോദിച്ചപ്പോള്‍ പീറ്റര്‍ സമ്മതംമൂളി. അതും നിറമനസ്സോടെ. അവള് തന്റെ ഭാര്യയാണ് എന്ന് അറിയില്ലെങ്കിലും അവളെ പ്രിയപ്പെട്ടവളാക്കണമെന്ന് ആ മനസ്സ് ആഗ്രഹിച്ചു. അങ്ങനെ പീറ്ററിനുവേണ്ടി വീണ്ടും പരസ്പരം വിവാഹം ചെയ്യാന്‍ ലിസ തീരുമാനിച്ചു.
‘ഓ ഹലോ അല്‍ഷിമേഴ്സ്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ കഥ ലിസ പങ്കുവെച്ചത്. ഒരുപക്ഷെ പ്രണയിച്ച പുരുഷനെ തന്നെ ജീവിതത്തില്‍ രണ്ട് തവണ വിവാഹം ചെയ്യാന്‍ സാധിച്ച ഏറ്റവും ഭാഗ്യവതിയായ യുവതി താനായിരിക്കും എന്നും ലിസ പറയുന്നു. മകളാണ് വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം ചെയ്തത്. അങ്ങനെ അവര്‍ വീണ്ടും വിവാഹിതരായെന്നും ലിസ കുറിച്ചു.
രണ്ടാമത്തെ വിവാഹവും പീറ്റര്‍ മറന്നു. എന്നാല്‍ പീറ്ററിനെ പരിചരിച്ചുകൊണ്ട് സ്നേഹത്തോടെ കരുതല്‍ നല്കി ചേര്‍ത്തുനിര്‍ത്തുകയാണ് ലിസ. പീറ്ററിന്റെ മുഖത്ത് വിരിയുന്ന ചിരിയാണ് ലിസയ്ക്ക് കരുത്ത്.
Story highlights: Man with Alzheimer’s proposes to wife again after forgetting they were married