സത്യജിത് റേ കഥകളുമായി ആന്തോളജി ചിത്രം; ‘റേ’ റിലീസിന് ഒരുങ്ങുന്നു
സത്യജിത് റേയും അദ്ദേഹത്തിന്റെ സിനിമകളുമില്ലാതെ ഇന്ത്യൻ സിനിമ പൂർണമാകില്ല. ഒരു കാവ്യം പോലെ അദ്ദേഹമൊരുക്കുന്ന സിനിമകൾ ഭാഷയ്ക്ക് അതീതമായി ശ്രദ്ധേയമായിട്ടുണ്ട്. സത്യജിത് റേയുടെ കഥകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സിന്റെ വരാനിരിക്കുന്ന ആന്തോളജി ചിത്രമാണ് റേ. ജൂൺ 25 മുതൽ ചിത്രം സ്ട്രീം ചെയ്യും. ആന്തോളജി ചിത്രത്തിന്റെ ടീസർ വളരെയധികം ശ്രദ്ധേയമായിരുന്നു. മനോജ് ബാജ്പേയി, അലി ഫസൽ, കെ കെ മേനോൻ, ഹർഷവർധൻ കപൂർ, രാധിക മദൻ എന്നിവരാണ് റേ സിനിമയിലെ മുഖ്യ ആകർഷണങ്ങൾ.
പ്രണയം, മോഹം, വിശ്വാസവഞ്ചന, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയിലെ നാല് കഥകൾ. അഭിഷേക് ചാബ്ബെ, ശ്രീജിത്ത് മുഖർജി, വാസൻ ബാല എന്നിവരാണ് ആന്തോളജി ചിത്രത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്. അലി ഫസൽ ഒരുക്കുന്ന ഭാഗം ‘ഫോർഗെറ്റ് മി നോട്ട്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. കെ കെ മേനോൻ ‘ബഹ്രുപിയ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നു. മനോജ് ബാജ്പേയിയും ഗജ്രാജ് റാവുവും ‘ഹംഗാമ ഹേ ക്യോൻ ബർപ’ എന്ന സിനിമയിൽ അഭിനയിക്കുന്നു. ഹർഷവർധൻ കപൂർ ഒരുക്കുന്നത് ‘സ്പോട്ട് ലൈറ്റ്’ എന്ന ചിത്രമാണ്.
Read More: മലർ മിസായി എത്തേണ്ടിയിരുന്നത് അസിൻ- തിരക്കഥയിലെ മാറ്റത്തെക്കുറിച്ച് അൽഫോൺസ് പുത്രൻ
ശ്വേത ബസു പ്രസാദ്, അനിന്ദിത ബോസ്, ബിദിത ബാഗ്, ദിബിയേന്ദു ഭട്ടാചാര്യ, രാധിക മദൻ, ചന്ദൻ റോയ് സന്യാൽ, ആകാശാ രഞ്ജൻ കപൂർ എന്നിവരാണ് ആന്തോളജിയിലെ മറ്റ് അഭിനേതാക്കൾ. 2021 സത്യജിത് റേയുടെ ശതാബ്ദി വർഷമാണ്. ഈ അവസരത്തിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
Story highlights- Netflix’s upcoming anthology based on Satyajit Ray’s stories