ഇച്ചാപ്പിയും ഹസീബും ഒരുപാട് മാറിപ്പോയെന്ന് സൗബിൻ ഷാഹിർ- ശ്രദ്ധേയമായി ചിത്രം
സമൂഹമാധ്യമങ്ങളിൽ രസകരമായ ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ സൗബിൻ ഷാഹിർ. അഭിനയത്തിന് പുറമെ സംവിധാനത്തിലും ശ്രദ്ധേയനായ സൗബിന്റെ ശ്രദ്ധേയ ചിത്രമാണ് പറവ. ചിത്രത്തിലേക്ക് സൗബിൻ കണ്ടെത്തിയ രണ്ടു കുട്ടികളായിരുന്നു അമാൽ ഷായും, ഗോവിന്ദും. ഇച്ചാപ്പി, ഹസീബ് എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും എത്തിയത്.
2017ലാണ് പറവ റിലീസ് ചെയ്തത്. വർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും ലുക്ക് പങ്കുവയ്ക്കുകയാണ് സൗബിൻ ഷാഹിർ. അമാൽ ഷായ്ക്ക് കാര്യമായ മാറ്റമില്ലെങ്കിലും ഗോവിന്ദ് ആളാകെ മാറി. കാലം പറക്കുന്നു എന്ന ഹാഷ്ടാഗിനൊപ്പമാണ് സൗബിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. അമാൽ ഷാ, ഗോവിന്ദ് വി. പൈ, ഷെയ്ൻ നിഗം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്‌തിരിക്കുന്നത്. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ വളരെ പ്രധാന വേഷത്തിൽ എത്തി. അതേസമയം, നിരവധി സിനിമകളിൽ വേഷമിടാൻ ഒരുങ്ങുകയാണ് സൗബിൻ ഷാഹിർ.
ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന മ്യാവു എന്ന സിനിമയിൽ സൗബിനാണ് നായകൻ. കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഇവർക്ക് പുറമെ, സലിം കുമാറും ഒരു റഷ്യൻ നടിയും പ്രധാന വേഷങ്ങളിൽ എത്തും. തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് ലാൽ ജോസ് ചിത്രത്തിന്റെയും സംഗീതം ഒരുക്കുന്നത്.
Story highlights- new look of amaal sha and govind