മരക്കാർ ഇനി ഒടിടി റിലീസിനോ? വ്യക്തമാക്കി പ്രിയദർശൻ

June 10, 2021

രണ്ടുവർഷത്തോളമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ; അറബിക്കടലിന്റെ സിംഹം റിലീസിനായി കാത്തിരിപ്പ് തുടങ്ങിയിട്ട്. കൊവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ച മേഖലയാണ് സിനിമ. ഒട്ടേറെ ചിത്രങ്ങൾ ഓൺലൈൻ ആയി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. എന്നാൽ, മരക്കാർ പോലെയൊരു ബ്രഹ്മാണ്ഡ സിനിമ തിയേറ്റർ റിലീസ് തന്നെയെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞത്.

ലോക്ക്ഡൗൺ നീളുന്നതുകൊണ്ട് ചിത്രം ഒടിടി റിലീസിലേക്ക് നീങ്ങുമോ എന്ന ചോദ്യത്തിന് സംവിധായകനായ പ്രിയദർശൻ ഇപ്പോഴിതാ, മറുപടി നൽകുകയാണ്. അങ്ങനെയൊരു പദ്ധതി ഇല്ലെന്നും 100 കോടിയിലധികം മുതൽമുടക്കിൽ നിർമിച്ച സിനിമ തിയേറ്ററിലൂടെ മാത്രമേ പ്രേക്ഷകരിലേക്ക് എത്തിക്കൂ എന്നുമാണ് പ്രിയദർശൻ അറിയിച്ചത്.

കേരളത്തിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ റിലീസിനെത്തിയ ചിത്രങ്ങളെല്ലാം തിയേറ്ററിൽ നിന്നും പിൻവലിച്ചിരിരുന്നു. മെയ് 13ന് നിശ്ചയിച്ചിരുന്ന റിലീസ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ നീട്ടി ഓഗസ്റ്റ് 12ലേക്ക് മാറ്റയിരിക്കുകയാണ്.

മുൻപ്, നിരവധി തവണ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ഒടുവിലാണ് മെയ് 13 നിശ്ചയിച്ചത്. എന്നാൽ, കേരളത്തിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ റിലീസ് മാറ്റാൻ അണിയറപ്രവർത്തകർ നിർബന്ധിതരാകുകയായിരുന്നു.

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

Read More: ഗ്രാമമായി മാറിയ നക്ഷത്രാകൃതിയിലുള്ള മനോഹര കോട്ട

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Story highlights- priyadarshan about marakkar movie release