‘രാധേ ശ്യാം’ ഒടിടി റിലീസിന് ഒരുങ്ങുന്നു
പ്രഭാസും പൂജ ഹെഗ്‌ഡെയും നായികാനായകന്മാരാകുന്ന ‘രാധേ ശ്യാം’ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഇന്ത്യയിലെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോം ഈ സിനിമയെ വൻ തുകയ്ക്ക് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രഹ്‌മാണ്ഡ ചിത്രമായതുകൊണ്ട് തിയേറ്റർ റിലീസ് ആയിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.
2021 ജൂലൈ 30ന് രാധേ ശ്യാം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ ഈ വർഷം ആദ്യം അറിയിച്ചിരുന്നു. എന്നിരുന്നാലും, മഹാമാരിയുടെ രണ്ടാം തരംഗം കാരണം ചിത്രം റിലീസ് ചെയ്യാൻ സാധിക്കില്ല. പുതുക്കിയ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒടിടി റിലീസ് തിരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒടിടിക്ക് ‘രാധേ ശ്യാം’ 400 കോടി രൂപയ്ക്ക് വിറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയകഥയാണ് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാം. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Read More: ‘അഭിനയം എന്നത് മുഖഭാഷ മാത്രമല്ല’; ബാബു ആന്റണി പറയുന്നു…
അതേസമയം, തെലങ്കാനയിലുടനീളമുള്ള ആശുപത്രികളിൽ കിടക്കകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. രാധേ ശ്യാം സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകൾ ആശുപത്രികളിലേക്ക് എത്തിച്ചിരുന്നു രാധേ ശ്യാം ടീം. രാധേ ശ്യാമിന്റെ അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ നിശ്ചയിച്ചിരുന്നെങ്കിലും വൈറസിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഇത് നിർത്തിവെച്ചു. ഷൂട്ടിന്റെ ഭാഗമായി കിടക്കകൾ, സ്ട്രെച്ചറുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സെറ്റ് സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സർക്കാർ ആശുപത്രികളിലേക്ക് സംഭാവന ചെയ്തിട്ടുണ്ട് ടീം.
Story highlights- radhe shyam o t t release