വിജയ് ചിത്രത്തിൽ നായികയാകാൻ ഒരുങ്ങി രശ്‌മിക മന്ദാന
കാർത്തിയുടെ നായികയായി തമിഴകത്തേക്ക് ചേക്കേറിയ രശ്‌മിക ഇനി വിജയ് ചിത്രത്തിൽ നായികാകയാകും. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോഴാണ് വിജയ് ചിത്രത്തിൽ നായികയാകുന്നതായി അറിയിച്ചത്. ഉടൻ തന്നെ നായികയായി എത്തും എന്നാണ് രശ്‌മിക പറഞ്ഞത്.
അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് രശ്‌മിക. കന്നടയ്ക്കും തെലുങ്കിനും പുറമെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. സുൽത്താൻ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായാണ് തമിഴിലേക്ക് എത്തിയത്. സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്‌മിക ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്. ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് റോണി സ്ക്രൂവാല, അമർ ബ്യൂട്ടാല, ഗരിമ മേത്ത എന്നിവർ ചേർന്നാണ്. 1970 കളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗിലാണ് ഇപ്പോൾ രശ്‌മിക. അല്ലു അർജുന്റെ നായികയായി പുഷ്പയിലും നടി വേഷമിട്ടിട്ടുണ്ട്.
Read More: മരയ്ക്കാറിന് മുൻപ് പ്രിയദർശന്റെ ഹിന്ദി ചിത്രം പ്രേക്ഷകരിലേക്ക്
ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന രശ്‌മികയെ എപ്പോഴും ഒരു ചിരിയോടെയല്ലാതെ കാണാൻ സാധിക്കില്ല. ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടോപ്പം വിരാജ്പേട്ടിലായിരുന്നു രശ്‌മിക. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്നതിനൊപ്പം തന്റെ സിനിമാ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളും വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
Story highlights- rashmika mandana to act with vijay