അന്ന് അച്ഛന് വീട്ടില്‍ നിന്നും ഇറക്കിവിട്ടപ്പോള്‍ പറഞ്ഞ ആ വാക്കുകള്‍ പ്രചോദനമായി; അങ്ങനെ ആനി പൊലീസ് കുപ്പായത്തിലെത്തി- അറിയാം ആ ജീവിതം

ആനി ശിവ, കേരളം ഇന്ന് ഏറെ അഭിമാനത്തോടെ പറയുന്ന ഒരു പേരാണിത്. ജീവിതത്തിലെ പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിച്ച പെണ്‍കരുത്താണ് ആനി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെല്ലാം നിറയുന്നതും പ്രചോദനാത്മകമായ ആനിയുടെ ജീവിതകഥയാണ്. ചലച്ചിത്രതാരം മോഹന്‍ലാല്‍ അടക്കം ആ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
ജീവിതത്തില്‍ തനിക്ക് പ്രചോദനമായത് വീട്ടില്‍ നിന്നും ഇറക്കി വിട്ടപ്പോള്‍ ‘പോയി ജീവിച്ച് കാണിക്ക്’ എന്ന് പറഞ്ഞ അച്ഛന്റെ വാക്കുകളാണെന്ന് ആനി പറയുന്നു. ഡിഗ്രി ആദ്യവര്‍ഷം പഠിക്കുന്ന സമയത്തായിരുന്നു ആനിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭര്‍ത്താവുമായി പിരിഞ്ഞ് ആനി സ്വന്തം വീട്ടിലെത്തി. മാസങ്ങള്‍ പ്രായമുള്ള കൈക്കുഞ്ഞുമായി. പക്ഷെ വീട്ടില്‍ കയറ്റിയില്ല. അന്ന് ഇറക്കി വിടാന്‍ നേരം അച്ഛന് പറഞ്ഞതാണ് പോയി ജീവിച്ച് കാണിക്ക് എന്ന്.
വീട്ടിലുള്ളവരോടും ആനിയുടെ അച്ഛന് പറഞ്ഞു. ‘ അവള് ജീവിച്ച് കാണിക്കട്ടെ. അവള്‍ക്ക് ആവശ്യമുള്ള വിദ്യാഭ്യാസം ഞാന്‍ നേടിക്കൊടുത്തിട്ടുണ്ട്. എന്റെ കരുത്തുകൊണ്ട്’ എന്ന്. ആ വാക്കുകളാണ് തന്റെ ജീവിതവിജയത്തിന് കാരണമെന്നും ആനി പറയുന്നു.
സബ് ഇന്‍സ്പെക്ടറായി ചുമതലയേറ്റ ആനിക്ക് കിട്ടിയത് ആദ്യം വര്‍ക്കല സ്റ്റേഷനായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛനും വീട്ടില്‍ നിന്നും ഇറക്കിവിട്ടതോടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ആനി വര്‍ക്കലയില്‍ നാരങ്ങാവെള്ളവും ഐസ്ക്രീമുമൊക്കെ വിറ്റു നടന്നിട്ടുണ്ട്. അതേയിടത്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗിക വാഹനത്തില്‍ ആനി യാത്ര ചെയ്തത്. എന്നാല്‍ മകന്റെ വിദ്യാഭ്യാസവും സ്പോര്‍ട്സ് കാര്യങ്ങളും കണക്കിലെടുത്ത് ആനി എറണാകുളത്തേക്ക് പോസ്റ്റിങ്ങിനായി അപേക്ഷിച്ചിരുന്നു. അങ്ങനെ കൊച്ചി സിറ്റി റേഞ്ചിലേക്കും കഴിഞ്ഞ ദിവസം ആനിക്ക് പോസ്റ്റിംഗ് ലഭിച്ചു.
Story highlights: Real story of Sub Inspector Anie Siva