‘രണ്ടുപേരുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്’- ‘ആദാമിനെ മകൻ അബു’വിന്റെ പത്താം വാർഷികത്തിൽ സലിം കുമാർ
സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിനെ മകൻ അബു’ റിലീസ് ചെയ്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. ഹജ്ജ് തീർത്ഥാടനത്തിന് പോയി മതപരമായ കടമകൾ നിറവേറ്റാൻ ആഗ്രഹിക്കുന്ന ഒരു വൃദ്ധ ദമ്പതികളുടെ കഥയാണ് സലിം കുമാറിനെ നായകനാക്കി ഒരുക്കിയ ചിത്രം പങ്കുവെച്ചത്. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സലിം കുമാർ കരസ്ഥമാക്കിയതും 84-ാമത് അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായായതും ‘ആദാമിനെ മകൻ അബു’വിനെ ശ്രദ്ധേയമാക്കുന്നു. ചിത്രത്തിന്റെ പത്താം വാർഷികത്തിൽ കുറിപ്പ് പങ്കുവയ്ക്കുകയാണ് സലിം കുമാർ.
സലിം കുമാറിന്റെ വാക്കുകൾ;
ആദാമിന്റെ മകൻ അബു എന്ന വിഖ്യാത ചലച്ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് പത്തു വർഷങ്ങൾ തികയുകയാണ്. നാലു ദേശീയ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും നേടിയ ഈ ചിത്രത്തിന് ആ വർഷത്തെ ഓസ്കാർ എൻട്രി ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് എനിക്ക് ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. അതിന് എനിക്ക് അവസരം ഉണ്ടാക്കി തന്ന ഇതിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സലിം അഹമ്മദിനെ, ഈ അവസരത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ഇന്നും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾ ഏവരെയും…..ഈ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, രണ്ടുപേരുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം നിർവഹിച്ച ഐസക് തോമസ് കൊട്ടുകാപ്പള്ളി സർ, ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച എന്റെ പ്രിയ സുഹൃത്ത് കലാഭവൻ മണി, പ്രശസ്ത നടൻ കലിംഗ ശശി എന്നിവർ ഒന്നും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ ദീപ്തസ്മരണക്കു മുൻപിൽ കണ്ണീർ പ്രണാമങ്ങൾ അർപ്പിച്ചുകൊള്ളുന്നു.
Read More: ഹൃദയം കീഴടക്കി ഒരു കുട്ടി യു ഡി സി; രസകരമായ വിഡിയോയുമായി മുക്ത
കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ സലിം കുമാർ, ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഒട്ടേറെ അംഗീകാരങ്ങൾ നേടിയത്.
Story highlights- salim kumar about adaminte makan abu