നെറ്റ്ഫ്ലിക്സിന് വേണ്ടി സിനിമയൊരുക്കാൻ എം ടിയും സന്തോഷ് ശിവനും
ലോക്ക്ഡൗൺ കാലത്താണ് മലയാളികൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകാണുന്നത് സജീവമാക്കിയത്. തിയേറ്റർ റിലീസ് കാത്തിരുന്ന പല ചിത്രങ്ങളും ഓൺലൈൻ റിലീസായി എത്തിയപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ജനപ്രിയതയേറി. നിരവധി സിനിമകളാണ് നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയവയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ, നെറ്റ്ഫ്ലിക്സിന് വേണ്ടി എം ടി വാസുദേവൻ നായരും സന്തോഷ് ശിവനും ഒന്നിക്കുകയാണ്.
ഒരു ക്ലബ്ബ് ഹൗസ് ചർച്ചക്കിടയിലാണ് സന്തോഷ് ശിവൻ പുതിയ ചിത്രത്തെക്കുറിച്ച് പങ്കുവെച്ചത്. ‘അഭയം തേടി’ എന്നതാണ് സിനിമയെന്നും മരണം കാത്തിരിക്കുന്ന ഒരാളെക്കുറിച്ചുള്ള കഥയാണെന്നും സന്തോഷ ശിവൻ പറയുന്നു. സിദ്ദിഖ് ആണ് നായകനായി എത്തുന്നത്. അന്തർദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാം എന്നതാണ് ഒടിടിയുടെ വിജയകരമായ നേട്ടം എന്നും സന്തോഷ് ശിവൻ പറയുന്നു.
എം ടിയുടെ എട്ടു കഥകളുമായി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിൽ ഒന്നാണ് സന്തോഷ ശിവൻ സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ശിവൻ ബോളിവുഡിൽ ഒരുക്കുന്ന ചിത്രമാണ് മുംബൈകർ. മുംബൈകർ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി ബോളിവുഡിൽ എത്തുകയുമാണ്. ഉറുമിക്ക് ശേഷം സന്തോഷ ശിവൻ ഒരുക്കുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രം റിലീസിന് കാത്തിരിക്കുകയാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും സന്തോഷ് ശിവൻ ഭാഗമാകുന്നു.
Story highlights- santhosh sivan’s next with M T Vasudevan nair