“കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്ട്”; ആറാട്ട്-ലെ രംഗം പങ്കുവെച്ചുകൊണ്ട് മോഹന്‍ലാലിന്റെ പ്രചരണം
വാര്‍ത്താ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം സ്ത്രീധനം എന്ന വിഷയമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രത്യക്ഷപ്പെടുന്നത്. വിസ്മയ എന്ന പെണ്‍കുട്ടി സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങള്‍ക്ക് ഒടുവില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ് കേരളത്തില്‍.
Say No to Dowry പ്രചരണത്തിന്റെ ഭാഗമായിരിക്കുകയാണ് മോഹന്‍ലാലും. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ആറാട്ട് എന്ന സിനിമയിലെ ദൃശ്യസംഭാഷണങ്ങള് ഉള്‍പ്പെടുത്തിയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പ്രചരണത്തിന്റെ ഭാഗമായത്. ‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ’ എന്നും സമൂഹമാധ്യമങ്ങളില്‍ താരം കുറിച്ചു.
അതേസമയം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ പൂര്‍ണമായ ടൈറ്റില്‍. നെയ്യാറ്റിന്‍കര ഗോപന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതും.
ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട് ചിത്രത്തില്‍ എന്നാണ് സൂചന.
Story highlights: Say No to Dowry campaign by Mohanlal Aaraattu movie scene