‘സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി 251’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി മോഹന്‍ലാല്‍

June 25, 2021
SG251 character poster

വെള്ളിത്തിരയില്‍ അഭിനയവിസ്മയമൊരുക്കുന്ന കലാകാരനാണ് സുരേഷ് ഗോപി. നിരവധിയാണ് താരം അനശ്വരമാക്കിയ കഥാപാത്രങ്ങളും. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. പിറന്നാള്‍ നിറവിലാണ് സുരേഷ് ഗോപി.

താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിലെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തി. മോഹന്‍ലാലാണ് സമൂഹമാധ്യമങ്ങളിലൂടെ വേറിട്ട ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 251-ാമത്തെ ചിത്രം കൂടിയാണ് ഇത്.

രാഹുല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ പേരോ മറ്റ് കൂടുതല്‍ വിവരങ്ങളോ പുറത്തെത്തിയിട്ടില്ല. സമീന്‍ സലീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്തായാലും നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സിനിമയിലേക്ക് തിരികെയെത്തിയ സുരേഷ് ഗോപിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും.

Read more: കോള്‍ഡ് കേസില്‍ സൂപ്പര്‍ നാച്വറല്‍ ഘടകങ്ങളും

2015-ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ന് ശേഷം സിനിമയില്‍ നിന്നും സുരേഷ് ഗോപി നീണ്ട ഇടവേളയെടുത്തിരുന്നു. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയ സുരേഷ് ഗോപിയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചതും.

Story highlights: SG251 character poster