‘പോയ് മറഞ്ഞ കാലം..’ ഗാനഗന്ധർവ്വൻ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആ പാട്ടെഴുത്തുകാരൻ ഇന്ന് തോട്ടപ്പണിക്കാരൻ..
‘പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ…
പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ…’ മലയാള സംഗീതാസ്വാദകർ ഒരിക്കലെങ്കിലും കേൾക്കാതിരിക്കില്ല ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിലെ ഈ മനോഹരഗാനം. ഗാനഗന്ധർവൻ യേശുദാസിന് 2017 ൽ ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗാനമാണിത്. പാട്ടുകൾ ഹൃദയത്തിലേറ്റിയാലും പലപ്പോഴും ഈ സുന്ദരഗാനങ്ങൾ നമുക്ക് സമ്മാനിച്ചവരെ നാം മറക്കാറുണ്ട്. അത്തരത്തിൽ മനഃപൂർവമല്ലെങ്കിലും നാം മറന്നുപോയ ഒരാളുണ്ട്…’പോയ്മറഞ്ഞ കാലം’ നമുക്ക് സമ്മാനിച്ച ഗാനരചയിതാവ് പ്രേം ദാസ്.
ഇനിയും ഒരുപിടി സുന്ദരഗാനങ്ങൾ സംഗീതാസ്വാദകർക്ക് സമ്മാനിക്കാൻ കഴിവുള്ള ഈ കലാകാരനിപ്പോൾ ജീവിതപ്രാരാപ്തങ്ങൾക്കൊണ്ട് തൃശൂരിലെ മജ്ലീസ് ആയുർവേദ പാർക്കിലെ തോട്ടപ്പണിക്കാരനാണ്. ഇപ്പോഴിതാ ഈ കലാകാരനെക്കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഷിബു ബേബി ജോൺ എന്ന വ്യക്തി.
‘കഴിഞ്ഞ 14 വർഷമായി കഴിവതും സ്ഥിരമായി ഞാൻ ആയുർവേദ ചികിൽസയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുർവേദ പാർക്ക്. വർഷങ്ങളായി വരുന്നതിനാൽ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്.
ഇന്നലെ രാവിലെ ലൈറ്റ് എക്സർസൈസിൻ്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോൾ ഒരു പുതിയ ജീവനക്കാരൻ ഇവിടത്തെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പിൽ നിന്നും ഞാൻ ഇപ്പോഴും മോചിതനായിട്ടില്ല.
അദ്ദേഹത്തിൻ്റെ പേര് പ്രേം ദാസ്. 2017 ൽ ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിൻ്റെ ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രചയിതാവാണ് പ്രേം. മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങൾ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.
ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിൻ്റെ സമ്പത്താണ്. അതാത് മേഖലയിൽ നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം. മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു.’- ഷിബു ബേബി ജോൺ കുറിച്ചു.
Story Highlights:Social Media post about lyricist prem das