സ്കൂളില്‍ സ്കേട്ട് ധരിച്ചെത്തിയ അധ്യാപകരും ആണ്‍കുട്ടികളും; ഇത് വേറിട്ട പ്രതിഷേധത്തിന്റെ കഥ
ക്ലാസ്മുറിയില്‍ ബോര്‍ഡിന് സമീപത്തായി നില്ക്കുന്ന ഒരു അധ്യാപകന്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രമാണ് ഇത്. എന്നാല്‍ ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. അത് അധ്യാപകന്റെ വസ്ത്രധാരണമാണ്. സ്കേട്ട് (പാവാട) ആണ് ഈ അധ്യാപകന് ധരിച്ചിരിക്കുന്നത്. ഫാന്‍സിഡ്രസ് മത്സരമൊന്നുമല്ല, ഇതൊരു പ്രതിഷേധമാണ്.
സ്പെയിനില്‍ മികച്ച സ്വീകാര്യത നേടുന്ന ശക്തമായ ഒരു പ്രതിഷേധം. ലിംഗസമത്വം ഉറപ്പാക്കുന്നതിനും വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ളതാണ് അല്പം വ്യത്യസ്തമായ ഈ പ്രതിഷേധം എന്നു പറയാം. എന്നാല്‍ അടുത്തിടെ പെട്ടെന്ന് ഒരുദിവസം ഉടലെടുത്തതല്ല ഈ പ്രതിഷേധം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവങ്ങളുടെ എല്ലാം തുടക്കം.
Read more: പ്രായം അഞ്ച് വയസ്സ്; ആംഗ്യഭാഷ പഠിപ്പിക്കുന്ന കുഞ്ഞ് അധ്യാപകന്
അന്ന് സ്കൂളില്‍ സ്കേട്ട് ധരിച്ചെത്തിയ മൈക്കിള്‍ ഗോമസ് എന്ന പതിനഞ്ചുകാരനാണ് വേറിട്ട ഈ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പക്ഷെ അന്ന് എല്ലാവരും ആ കുട്ടിയെ പരിഹസിച്ചു. ചിലര്‍ മൈക്കിളിന് മാനസിക രോഗമാണെന്ന് പോലും പറഞ്ഞു. പക്ഷെ പിന്നീട് മൈക്കിള്‍ തന്നെ എന്തുകൊണ്ടാണ് താന്‍ ഇത്തരത്തില്‍ സ്കേട്ട് ധരിച്ച് സ്കൂളിലെത്തിയതെന്ന് വിഡിയോയിലൂടെ വിശദീകരിച്ചു. അങ്ങനെ പ്രതിഷേധം കൂടുതല്‍ സ്വീകരിക്കപ്പെട്ടു തുടങ്ങി.
പിന്നീട് പല അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം ഈ പ്രതിഷേധത്തിന്റെ ഭാഗമായി. സൈബര്‍ ഇടങ്ങളില്‍ പോലും ശ്രദ്ധ നേടി ഈ പ്രതിഷേധം. അധ്യാപകനായ ജോസ് പിനാസ് എന്നൊരാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍വെച്ച് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ പ്രതിഷേധത്തിന്റെ ഭാഗമായത്. പ്രതിഷേധം ശക്തമായതോടെ ചില സ്കൂളുകളില്‍ ലിംഗനീതിയെക്കുറിച്ച് പാഠഭാഗങ്ങളില്‍ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Story highlights: Teachers in Spain Wear Skirts to Support Gender Equality