പ്രായം അഞ്ച് വയസ്സ്; ആംഗ്യഭാഷ പഠിപ്പിക്കുന്ന കുഞ്ഞ് അധ്യാപകന്‍

June 10, 2021
5-year-old sign language teacher

അസ് ഔദ് എന്ന മിടുക്കന് പ്രായം വെറും അഞ്ച് വയസ്സ് മാത്രമാണ്. പക്ഷെ ആളൊരു അധ്യാപകനാണ്. ജോര്‍ദാനിലെ ഏറ്റവും പ്രായംകുറഞ്ഞ ആംഗ്യഭാഷാ അധ്യാപകന്‍. ജോര്‍ദ്ദാനില്‍ മാത്രമല്ല രാജ്യത്തിന്റെ അതിരു കടന്നും ഈ കുഞ്ഞ് അധ്യാപകന്റെ സേവനങ്ങള്‍ എത്തുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം.

സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ഉണ്ട് അസ് ഔദിന്. ആംഗ്യഭാഷ പഠിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ യൂട്യൂബ് ചാനല്‍, നിരവധി കാഴ്ചക്കാരുമുണ്ട് ഈ കുരുന്നിന്റെ ഓരോ വിഡിയോകള്‍ക്കും.

ചെറുപ്പം മുതല്‍ക്കേ സംസാരവൈകല്യമുണ്ടായിരുന്നു അസ് ഔദിന്. എന്നാല്‍ അവന്റെ മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ആംഗ്യഭാഷയിലൂടെ അവനുമായി ആശയവിനിമയം നടത്തി. അങ്ങനെയാണ് ഈ ബാലന്‍ ആംഗ്യഭാഷ പഠിച്ചെടുത്തതും. ആംഗ്യഭാഷയുടെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് അസ് ഔദ്.

Read more: ‘ഓക്കസ്രാ ഇല്ലാതെ എങ്ങനെ പാടും?’; മിയക്കുട്ടിയെ അനുകരിച്ച് സുരഭി ലക്ഷ്മി- വിഡിയോ

മാസങ്ങള്‍ക്ക് മുന്‍പാണ് അസ് ഔദ് യൂട്യൂബിലൂടെ ആംഗ്യഭാഷ പഠിപ്പിക്കാന്‍ ആരംഭിച്ചത്. സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന പലരുമായി ആശയവിനിമയം നടത്താന്‍ ഇത്തരം ആംഗ്യഭാഷയ്ക്ക് സാധിക്കുമെന്ന് ഈ ബാലനറിയാം. സംസാരിക്കാന്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് മാത്രമല്ല ശ്രവണ വൈകല്യമുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനും ഏറെ സഹായകരമാകും കൊച്ചുമിടുക്കന്റെ ക്ലാസുകള്‍.

Story highlights: 5-year-old sign language teacher