പഴയ പ്രൗഢി തിരിച്ചുപിടിക്കണം: മനോഹരമായ ആചാരത്തിന് തുടക്കമിട്ട് ഒരു ഗ്രാമം, കൈയടിച്ച് പ്രകൃതിസ്നേഹികൾ
ഓരോ നാടുകളിലും ഓരോ ആചാരങ്ങളാണ്..പലയിടങ്ങളിലേയും ആചാരങ്ങളെ നോക്കി എത്ര മനോഹരമായ ആചാരം എന്നും നാം പറയാറുണ്ട്. എന്നാൽ ഈ ആചാരങ്ങളൊക്കെ പ്രകൃതിക്ക് ഒരു താങ്ങായാലോ…അങ്ങനെ ചിന്തിക്കുന്നവർക്ക് മുഴുവൻ ആശ്വാസമാകുകയാണ് ഉത്തർപ്രദേശിലെ അമ്നി ലോകിപൂർ ഗ്രാമത്തിലെ ഈ ആചാരം.. ഈ ഗ്രാമത്തിൽ പുതിയതായി വിവാഹം കഴിക്കുന്നവർ വിവാഹദിവസം തന്നെ ഒരുമിച്ച് ചേർന്ന് ഒരു മരം നടണം. അന്ന് മുതൽ ആ മരത്തിന്റെ പരിപാലനവും ഇരുവരുടെയും ഉത്തരവാദിത്വമാണ്. കേൾക്കുമ്പോൾ സിംപിൾ എന്ന് തോന്നുമെങ്കിലും പ്രകൃതിയോടും ഇനി വരുന്ന തലമുറയോടും ചെയ്യുന്ന ഏറ്റവും നല്ല കരുതലാണ് ഈ ആചാരം.
അതേസമയം അടുത്തിടെയാണ് ഈ ഗ്രാമത്തിൽ ഈ ആചാരം ആരംഭിച്ചത്. മുൻ ഗ്രാമത്തലവൻ സ്വതന്ത്ര സിങാണ് ആദ്യമായി ഈ ആശയം ഗ്രാമത്തിൽ പങ്കുവെച്ചത്. കെട്ടിടങ്ങളും മറ്റും ഉയർന്നതോടെ ഗ്രാമത്തിലെ പച്ചപ്പും ഹരിതാഭയും നഷ്ടമായി. ഗ്രാമത്തിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കണം- ഈ ആശയത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ച ഗ്രാമവാസികൾ അന്ന് മുതൽ ഈ ആശയം നടപ്പിലാക്കാനും തുടങ്ങി. അടുത്തിടെ വിവാഹിതരായ അതുൽ- സന്ധ്യ ദമ്പതികളാണ് ഈ ആചാരത്തിന് തുടക്കമിട്ടത്. തണൽ മരങ്ങളാണ് ഇത്തരത്തിൽ ദമ്പതികൾ നടേണ്ടത്.
ഗ്രാമത്തിന്റെ വിവിധ ഇടങ്ങളിൽ മരത്തൈകൾ ഗ്രാമവാസികൾ നാടാറുണ്ടെങ്കിലും പിന്നീട് അതിന് കൃത്യമായ പരിപാലനം ലഭിക്കാതെ ഇവ നശിച്ചുപോകുന്നതാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ ദമ്പതികൾ മരം നടുന്നതോടെ ആ മരത്തെ അവരുടെ ആദ്യ കുഞ്ഞായി കണ്ട് പരിചരിക്കണം എന്നതാണ് പുതിയ നിയമം. ഇതോടെ ഒരു പരിധിവരെ പ്രകൃതിയെ സംരക്ഷിക്കാനാകും എന്നാണ് കരുതപ്പെടുന്നത്.
അതിന് പുറമെ പരിസ്ഥിതി ദിനത്തിൽ ഇവിടുത്തെ സർക്കാർ സ്കൂളുകളിലും ഗ്രാമവാസികൾ മരങ്ങൾ നട്ടിരുന്നു. ഇവയെ സ്കൂളിൽ എത്തുന്ന കുട്ടികളെപ്പോലെ പരിചരിക്കണം എന്നാണ് നിയമം. എന്തായാലും ഈ ഗ്രാമത്തിലെ ഈ ആചാരത്തിന് നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story highlights: Village makes it mandatory for newlyweds to plant tree