പ്രണയിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏത് ഭാര്യയും സുന്ദരിയായിരിക്കും; പാട്ടുവേദിയുടെ ഹൃദയം കീഴടക്കി എംജി ശ്രീകുമാറും ഭാര്യയും…

June 13, 2021

മനോഹരമായ നിരവധി നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ… പാട്ടും നൃത്തവും തമാശകളും സർപ്രൈസുമൊക്കെയായി ഉത്സവപ്രതീതിയാണ് ഓരോ എപ്പിസോഡിലും പ്രേക്ഷകർക്കായി ടോപ് സിംഗർ സമ്മാനിക്കുന്നത്. കുട്ടികുരുന്നുകളുടെ പാട്ടിനൊപ്പം കളിയും ചിരിയും കമന്റുകളുമൊക്കെയായി സുന്ദരമായ നിമിഷങ്ങൾ സമ്മാനിക്കുന്നവരാണ് പാട്ടുവേദിയിലെ ജഡ്ജസും.

മലയാളികളുടെ ഇഷ്ടഗായകനാണ് എം ജി ശ്രീകുമാർ. പാട്ടിനൊപ്പം കൊച്ചുഗായകരോടൊപ്പം കുസൃതികളുമായി എത്താറുള്ള താരത്തിന് പാട്ടു വേദി ഒരുക്കിയ സുന്ദരനിമിഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇത്തവണ പാട്ടുവേദിയിൽ ഒരു അതിഥി കൂടി എത്തുന്നുണ്ട്. എം ജി ശ്രീകാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ. ഇരുവരുടെയും പ്രണയകാലത്ത് ലേഖയ്ക്കായി പാടിക്കൊടുത്ത മനോഹര ഗാനം ആലപിച്ചുകൊണ്ടാണ് എം ജി ശ്രീകുമാർ പാട്ടുവേദിയിൽ എത്തുന്നത്. ‘ഒരു മുഖം മാത്രം കണ്ണിൽ… എന്ന മനോഹരഗാനമാണ് ലേഖയ്ക്കായി എം ജി പാടിയത്.

പാട്ടുവേദിയിൽ എത്തിയ ലേഖയോട് ഇത്രയും സുന്ദരിയായിരിക്കാൻ കാരണം എന്താണെന്ന് ചോദിക്കുന്ന ദീപക് ദേവിന് ലേഖ കൊടുക്കുന്ന മറുപടിയും പാട്ടുവേദിയുടെ മനം കവരുന്നുണ്ട്. പ്രണയിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ പറയുന്നത്.