43 തവണ കൊവിഡ് പോസിറ്റീവായി; 305 ദിവസം നീണ്ട ചികിത്സയും- ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് കേസ്

June 27, 2021

കൊവിഡ് രോഗബാധയുടെ പ്രധാന വെല്ലുവിളി ഓരോരുത്തരിലും വ്യത്യസ്ത രീതിയിലാണ് അസുഖം ബാധിക്കുക എന്നതാണ്. ചിലർക്ക് യാതൊരു ലക്ഷണവും ഉണ്ടാകില്ല. മറ്റു ചിലർക്കാകട്ടെ, ജീവിതത്തിൽ ആദ്യമായിട്ടാകും ഇത്രയധികം ദുരിതം അനുഭവിക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാകുകയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊവിഡ് കേസ്.

72 കാരനായ ഒരു ബ്രിട്ടീഷുകാരനാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 305 ദിവസം തുടർച്ചയായി രോഗബാധിതനായിരുന്നു ഇദ്ദേഹം. അതായത്, ഏകദേശം പത്തുമാസം. 2020 ൽ യുകെയിൽ മഹാമാരിയുടെ ആദ്യ തരംഗത്തിന്റെ തുടക്കത്തിൽ ബ്രിസ്റ്റലിൽ നിന്നുള്ള ഡേവ് സ്മിത്തിന് കൊവിഡ് ബാധിക്കുകയായിരുന്നു. 10 മാസത്തിനുള്ളിൽ സ്മിത്ത് 43 തവണ പോസിറ്റീവ് ആകുകയും ഏഴു തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

മരണത്തെ മുഖാമുഖം കണ്ടുവെന്നാണ് അദ്ദേഹം പറയുന്നത്. ടി\രസകരവും ഒരേസമയം ദുഃഖകരവുമായ കാര്യം, അഞ്ചുതവണ ഭാര്യ സ്മിത്തിനായി ശവസംസ്‌കാരം ഒരുക്കി എന്നതാണ്. 2019ൽ സ്മിത്തിനു രക്താർബുദം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ 2020ൽ കൊവിഡും ബാധിച്ചു. 2020 മാർച്ചിൽ തന്നെ വൈറസ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഏപ്രിൽ വരെ അദ്ദേഹം പരിശോധന നടത്തിയിരുന്നില്ല.

ഒരു വർഷത്തിന് ശേഷവും മണവും രുചിയും മടങ്ങിയെത്തിയില്ല എന്നും സ്മിത്ത് പറയുന്നു. ആദ്യം രോഗം സ്ഥിരീകരിച്ചപ്പോൾ ആൻറിബയോട്ടിക്കുകൾ നൽകി. പക്ഷെ അദ്ദേഹത്തിന് അസുഖം തുടർന്നു. ക്ഷീണം കാരണം ജൂലൈയിൽ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോഴും അദ്ദേഹം പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. മാസങ്ങളോളം അദ്ദേഹം കിടപ്പിലാകുകയും ചെയ്തു.

Read More: 41 വർഷമായി കാട്ടിൽ, മനുഷ്യരെ ഭയം; യഥാർത്ഥ ജീവിതത്തിലെ ടാർസനെ പരിചയപ്പെടാം

മരണമുറപ്പിച്ച സമയത്ത് അമേരിക്കൻ കമ്പനിയായ റെജെനെറോൺ നൽകിയ ആന്റി വൈറൽ മരുന്നുകളുടെ പുതിയ മിശ്രിതം കഴിച്ചുതുടങ്ങി. ദിവസങ്ങൾക്ക് ശേഷം ആരോഗ്യം തിരികെ ലഭിച്ചു. മരുന്ന് സ്വീകരിച്ച് നാൽപത്തിയഞ്ച് ദിവസത്തിന് ശേഷം സ്മിത്ത് ഒടുവിൽ നെഗറ്റീവ് ആയി. എന്തായാലും അദ്ദേഹത്തിന്റെ കേസ് ഇപ്പോൾ ബ്രിസ്റ്റോൾ സർവകലാശാലയിലെ വൈറോളജിസ്റ്റ് ആൻഡ്രൂ ഡേവിഡ്‌സൺ പഠിക്കുകയാണ്.

Story highlights- world’s longest covid case