അഞ്ചാം മാസത്തിൽ 337 ഗ്രാം തൂക്കവുമായി പിറന്നു; അതിജീവിക്കാൻ ഒരുശതമാനം പോലുമില്ലെന്ന് വിധിയെഴുതി- ഇന്ന് ഗിന്നസ് റെക്കോർഡിനൊപ്പം ഒന്നാം പിറന്നാൾ ആഘോഷം
ഡോക്ടർമാർ പോലും അതിജീവിക്കാൻ ഒരു ശതമാനം പോലുമില്ലെന്ന് വിധിയെഴുതിയ കുഞ്ഞാണ് റിച്ചാർഡ് സ്കോട്ട് വില്യം ഹച്ചിൻസൺ. വിധിയെ തോൽപ്പിച്ച് ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ആ കുഞ്ഞ് ഒന്നാം ജന്മദിനം ആഘോഷിക്കുകയാണ്. 2020ൽ 131 മത്തെ ആഴ്ചയിൽ അതായത് അഞ്ചാം മാസത്തിലാണ് റിച്ചാർഡ് ജനിച്ചത്. വെറും 337 ഗ്രാം ഭാരവുമായാണ് പിറന്നത്.
അതിജീവിക്കാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് എല്ലാവരും വിധിയെഴുതി. റിച്ചാർഡിന്റെ അമ്മ ബേത്ത് ഗർഭകാലത്ത് മെഡിക്കൽ സങ്കീർണതകൾ അനുഭവിച്ചതിനാൽ പ്രീമെച്വർ ജനനമായിരുന്നു കുഞ്ഞിന് വിധിച്ചത്. മിനിയാപൊളിസിലെ ചിൽഡ്രൻസ് മിനസോട്ട ആശുപത്രിയിൽ പ്രസവശേഷം, ലോകത്തിൽ ജനിച്ച ഏറ്റവും ചെറിയ പ്രീമെച്വർ കുഞ്ഞാണ് റിച്ചാർഡ് എന്ന് ഗിന്നസ് റെക്കോർഡും ഒപ്പമുണ്ടായി.
വളരെ ചെറുതായതിനാൽ അച്ഛനമ്മമാർക്ക് റിച്ചാർഡിനെ ഒരു കയ്യിൽ പിടിക്കാൻ എളുപ്പമായിരുന്നു. എന്നാൽ, അപ്പോഴാണ് കുട്ടിക്ക് അതിജീവിക്കാൻ സാധ്യതയില്ലാത്തതിനാൽ വിടപറയാൻ ഒരുങ്ങിക്കോളൂ എന്ന നിർദേശം ഡോക്ടർമാർ നൽകിയത്. ആറ്റുനോറ്റുണ്ടായ കുഞ്ഞിന്റെ അവസ്ഥ ആ മാതാപിതാക്കളും നൊമ്പരത്തോടെയാണ് കണ്ടത്.
അച്ഛൻ റിക്കിനും അമ്മ ബെത്തിനും പ്രീനെറ്റൽ കൗൺസിലിംഗ് നൽകിയപ്പോൾ ആശുപത്രിയിലെ നിയോനാറ്റോളജി ടീം കുഞ്ഞിന് അതിജീവിക്കാൻ പ്രതീക്ഷയില്ലാത്ത ഒരു അവസരം നൽകി. നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ റിച്ചാർഡ് മാതാപിതാക്കളിൽ നിന്നും അകന്ന് കഴിഞ്ഞു. ആശുപത്രിയിലെ കർശനമായ നിയന്ത്രണങ്ങളെത്തുടർന്ന് റിക്കിനും ബേത്തിനും കുഞ്ഞിനെ കാണാൻ പോലും സാധിച്ചില്ല. എന്നിട്ടും അവർ ദിവസേന ആശുപത്രിയിലേക്ക് മുടങ്ങാതെ എത്തി.
അത്ഭുതകരമെന്നു പറയട്ടെ, ആറുമാസത്തെ പരിചരണത്തിന് ശേഷം റിച്ചാർഡ് ആരോഗ്യവാനായിത്തീർന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലും എത്തി. റിച്ചാർഡിന്റെ അതിജീവനം ആശുപത്രി ജീവനക്കാർക്കും അത്ഭുതമായിരുന്നു. ജൂൺ 5 ന് ഒന്നാം ജന്മദിനം റിച്ചാർഡ് ആഘോഷിച്ചു.
Story highlights- World’s most premature baby celebrates first birthday