മനോഹരം ഈ പ്രണയം: ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയതമനെ തേടിയെത്തിയ ഇണ, ഹൃദയംതൊട്ട കാഴ്ച

July 20, 2021

മനസിൽ സന്തോഷം നിറയ്ക്കുന്ന നിരവധി നിമിഷങ്ങൾക്കാണ് സോഷ്യൽ ഇടങ്ങൾ പലപ്പോഴും സാക്ഷ്യം വഹിക്കുന്നത്..അത്തരത്തിൽ ഏറെ കൗതുകമാകുകയാണ് സോഷ്യൽ മീഡിയയുടെ മുഴുവൻ മനം കവർന്ന രണ്ട് വാത്തകളുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ. കഴിഞ്ഞ ദിവസമാണ് മസാച്യുസെറ്റ്സിലെ വൈൽഡ് ലൈഫ് സെന്ററിലെ അർനോൾഡ് എന്ന് പേരുള്ള വാത്തയുടെ കാലിന് പരിക്കേറ്റതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വാത്തയെ അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കി.

പരിശോധനയിൽ അർനോൾഡിന്റെ കാലിന് രണ്ട് ഒടിവുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. മറ്റ് മൃഗങ്ങളുടെ അക്രമണത്തിൽ പരിക്കേറ്റതാകാം എന്ന് തിരിച്ചറിഞ്ഞതോടെ ഉടൻതന്നെ അർനോൾഡിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ചില കാഴ്ചകളാണ് അവിടുത്തെ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അർനോൾഡിന്റെ ഇണ അർണോൾഡിനെ പാർപ്പിച്ചിരിക്കുന്ന ഇടം കണ്ടെത്തി ജനാലയ്ക്കരികിൽ തന്റെ പ്രിയതമനായി കാത്തിരിക്കുകയാണ്.

Read also:‘തെൻട്രൽ വന്ത് എന്നെ തൊടും..’ മധുരമായ് പാടി സൂര്യനാരായണനും സീതാലക്ഷ്മിയും; ഹൃദയംകൊണ്ട് ആസ്വദിച്ച് പാട്ട് വേദി

ആശുപത്രി മുറിയ്ക്കകത്തേക്ക് പ്രവേശിക്കുന്നതനായി പലതവണ വാതിലിലും ജനാലയിലും കൊക്കുകൾ ഉപയോഗിച്ച് തട്ടികൊണ്ടിരിക്കുകയാണ് പെൺവാത്ത. ഈ ഇണയുടെ കരുതലും സ്നേഹവും കണ്ടതോടെ ഡോക്ടറുമാർ പെൺവാത്തയെ മുറിയ്ക്കകത്തേക്ക് പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ പ്രിയതമന് ഒന്നും പറ്റിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് പെൺവാത്ത ശാന്തയായത്.

ഇരുവരുടെയും സ്നേഹത്തിന്റെ കഥ സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്കക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. മനുഷ്യനെപോലെത്തന്നെ എല്ലാ ജീവികൾക്കും ഈ ലോകത്ത് സന്തോഷത്തോടെ കഴിയാൻ അവസരമുണ്ടെന്നാണ് പലരും കുറിയ്ക്കുന്നത്.

Story Highlights:A beautiful love story- Goose Waits Outside Clinic As Mate Recovers