ഒരു നാട് മുഴുവൻ ഒരു കെട്ടിടത്തിൽ; കൗതുക കാഴ്ചകൾ ഒരുക്കിയ ഗ്രാമം
അലാസ്കയിലെ അതിമനോഹരമായ തടാകത്തിന് അടുത്തുള്ള ഒരു കെട്ടിടമാണ് സോഷ്യൽ ഇടങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുന്നത്. കാഴ്ചയിലെ കൗതുകമാകുകയാണ് ഒരു നാട് മുഴുവൻ ഉൾക്കൊള്ളുന്ന ഈ കെട്ടിടം. ഏകദേശം പതിനാല് നിലകളിലായി മുന്നൂറോളം ആളുകൾ വസിക്കുന്നുണ്ട് ഈ കെട്ടിടത്തിൽ. ആദ്യ കാഴ്ചയിൽ ഒരു പഴയ ഹോട്ടലിന് സമാനമായ ഈ കെട്ടിടത്തിൽ ഒരു ഗ്രാമത്തിന് ആവശ്യമായ എല്ലാമുണ്ട്. സൂപ്പർമാർക്കറ്റ്, പോസ്റ്റ് ഓഫീസ്, പൊലീസ് സ്റ്റേഷൻ, സ്കൂൾ, ആരാധനാലയം തുടങ്ങിയ എല്ലാ സൗകര്യങ്ങളും.
ഇവിടെ താമസിക്കുന്ന ആളുകൾക്ക് മറ്റ് ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകേണ്ടതായി വരരുത് എന്ന ചിന്തയിൽ നിന്നുമാണ് ഈ കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയത്. ഇതിന് പുറമെ ഇവിടെയുള്ളവർക്ക് ബിസിനസ് നടത്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. വർഷങ്ങളുടെ പഴക്കമുണ്ട് ഈ കെട്ടിടത്തിനും ഇവിടുത്തെ താമസക്കാർക്കും, എങ്കിലും അടുത്തിടെയാണ് ഈ കെട്ടിടത്തിനുള്ളിലെ പട്ടണത്തെക്കുറിച്ചുള്ള വാർത്തകൾ പുറംലോകം അറിഞ്ഞത്. കെട്ടിടത്തിലെ താമസക്കാരിയായ ജെനെസ്സ ലോറൻസ് എന്ന യുവതിയാണ് തന്റെ കൗതുകം നിറഞ്ഞ പട്ടണത്തെക്കുറിച്ചുള്ള വിവരങ്ങൾ അവളുടെ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
ഈ ഗ്രാമത്തിൽ മറ്റ് കെട്ടിടങ്ങൾ ഒന്നും കാണാൻ കഴിയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. പട്ടണത്തിന്റെ ഭൂരിഭാഗവും അലാസ്ക റെയിൽറോഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ട് വ്യക്തികൾക്ക് അവിടെ ഭൂമി വാങ്ങാനാവില്ല. അതിനാൽ ഇവിടുത്തുകാർ മുഴുവൻ ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്.
Story Highlights: A tiny alaskan town where everyone lives in the same building