മാലിക്കിൽ തിളങ്ങി കുഞ്ഞുണ്ണിയും; ഒന്നിച്ച് സന്തോഷം പങ്കുവെച്ച് ചക്കപ്പഴം കുടുംബം

മികച്ച അഭിപ്രായംനേടി മുന്നേറുകയാണ് ഫഹദ് ഫാസിൽ നായകനായ മാലിക്. ജൂലൈ 15നാണ് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് ചിത്രം എത്തിയത്. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഇതുവരെ കാണാത്ത രൂപത്തിലാണ് ചിത്രത്തിൽ നിമിഷയും എത്തുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയായി എത്തുന്ന അമൽ രാജ്ദേവും മാലിക്കിൽ വളരെ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്. എല്ലാ കഥാപത്രങ്ങളെയും പോലെ പല കാലഘട്ടങ്ങളിലുള്ള അമലിന്റെ ലുക്കും ശ്രദ്ധേയമാകുകയാണ്. മാലിക് ചക്കപ്പഴം കുടുംബത്തിനൊപ്പമാണ് അമൽ കണ്ടത്. പരമ്പരയിൽ ആശയായി എത്തുന്ന അശ്വതി ശ്രീകാന്തിന്റെ വീട്ടിൽ എല്ലാ താരങ്ങളുംകൂടി ഒത്തുചേർന്നാണ് മാലിക് ആമസോൺ പ്രൈമിൽ കണ്ടത്.
മഹേഷ് നാരായണന് ആണ് ചിത്രത്തിന്റെ സംവിധാനം. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന് തന്നെയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. 27 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രമാണ് മാലിക്. പ്രഖ്യാപനം മുതല്ക്കേ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാലിക് എന്ന ചിത്രത്തെ. ഇരുവരും ഒന്നിച്ച ടേക്ക് ഓഫ് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു.
Story highlights- amal rajdev maalik performance