ആറു സെക്കൻഡ് മാത്രം ആയുസുള്ള മോഹൻലാൽ ചിത്രമൊരുക്കി കലാകാരൻ- അത്ഭുതമെന്ന് പ്രിയതാരം

July 10, 2021

കലാകാരൻമാർ വ്യത്യസ്തരാകുന്നത് അവർ കഴിവിനെ സമീപിക്കുന്ന രീതിയിലൂടെയാണ്. സാധാരണ രീതിയിൽ നിന്നും മാറി വ്യത്യസ്തമായി എന്തുചെയ്യാം എന്ന് ചിന്തിക്കുന്നിടത്താണ് അവർ ശ്രദ്ധനേടുന്നത്. ഇങ്ങനെ വ്യത്യസ്തമായ ഒരു ആവിഷ്കാരത്തിലൂടെ ശ്രദ്ധേയനാകുകയാണ് രോഹിത് എന്ന മിടുക്കൻ. ചിത്രരചനയിലെ മികവ് നടൻ മോഹൻലാലിന്റെ മുഖം വേറിട്ട രീതിയിൽ ഒരുക്കിയതോടെ കൈയടി നേടുകയായിരുന്നു.

കല്ലുകൾ ചേർത്താണ് രോഹിത് മോഹൻലാലിൻറെ മുഖം ഒരുക്കിയത്. എന്നാൽ, വെറും ആറു സെക്കൻഡ് മാത്രമാണ് ഈ ചിത്രത്തിന്റെ ആയുസ്. കാരണം, മുഖം കല്ലിൽ ഒരുക്കി മുകളിലേക്ക് ഇടുമ്പോളാണ് ചിത്രം പൂർത്തിയാകുന്നത്. അതായത് മോഹൻലാലിൻറെ മുഖം ഒരു ബോർഡിൽ കല്ലുകൾ ചേർത്ത് വെച്ച് ഒരുക്കിയ രോഹിത് അവ മുകളിലേക്ക് എറിയുമ്പോൾ വായുവിലാണ് ആരാധകർക്ക് പ്രിയതാരത്തിന് ചിത്രം കാണാൻ സാധിക്കുക.

Read More: 19 വർഷങ്ങൾക്ക് ശേഷം ബാലാമണിയും ഉണ്ണിയേട്ടനും കണ്ടുമുട്ടിയപ്പോൾ; ഒപ്പം മനോഹര നൃത്തവും- വിഡിയോ

വളരെയധികം ആസൂത്രിതമായി മാത്രം തയ്യാറാക്കിയാൽ മാത്രമേ വായുവിൽ ഇങ്ങനെ ചിത്രം കാണാൻ സാധിക്കു. കാരണം, ആദ്യം മുകളിലുള്ള കല്ലുകൾ ഉയരും. പിന്നാലെ ഉള്ള കല്ലുകൾ ഉയരുന്ന സമയവും രീതിയുമെല്ലാം കണക്കിലെടുത്ത് മാത്രമേ ഇങ്ങനെയൊരു ചിത്രം വിജയകരമാക്കാൻ സാധിക്കു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് രോഹിത് തന്റെ കഴിവ് തെളിയിച്ചത്.പയ്യന്നൂർ കോറം സ്വദേശിയാണ് രോഹിത്. പ്ലസ് ടു വിദ്യാർത്ഥിയായ രോഹിത് സഹോദരൻ രാഹുലിന്റെ സഹായത്തോടെയാണ് വിഡിയോ ചിത്രീകരിച്ചത്. എന്തായാലും രോഹിതിനെ തേടി മോഹൻലാലിന്റെ അഭിനന്ദനവും എത്തി. അത്ഭുതം എന്നാണ് മോഹൻലാൽ ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

Story highlights- amazing drawing by plus two student