19 വർഷങ്ങൾക്ക് ശേഷം ബാലാമണിയും ഉണ്ണിയേട്ടനും കണ്ടുമുട്ടിയപ്പോൾ; ഒപ്പം മനോഹര നൃത്തവും- വിഡിയോ

July 10, 2021

നന്ദനം എന്ന സിനിമ എന്നും മലയാളികൾക്ക് ഒരു കാഴ്ചവസന്തമാണ്‌. പൃഥ്വിരാജിന്റെ ആദ്യ സിനിമയായ നന്ദനം നവ്യ നായരെ ജനപ്രിയയാക്കി മാറ്റിയ ചിത്രം കൂടിയാണ്. നവ്യയുടെ ബാലാമണി എന്ന കഥാപാത്രവും ഗുരുവായൂർ കണ്ണനോടുള്ള ഭക്തിയും ഉണ്ണിയേട്ടനായുള്ള കണ്ണന്റെ അവതാരവുമെല്ലാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഉണ്ണി എന്ന ഗുരുവായൂർ കണ്ണനായി എത്തിയത് ഡാൻസ് മാസ്റ്ററായ അരവിന്ദ് ആയിരുന്നു.

ചിത്രത്തിലെ മനസ്സിൽ മിഥുന മഴ എന്ന ഗാനത്തിന് അരവിന്ദും നവ്യയും ചുവടുവെച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു. അടുത്തിടെ നടി ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പം അരവിന്ദ് ഈ നൃത്തം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ, പത്തൊൻപതു വർഷങ്ങൾക്ക് ശേഷം നവ്യ നായർക്കൊപ്പം അതേഗാനത്തിന് ചുവടുവയ്ക്കുകയാണ് അരവിന്ദ്.

ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ നവ്യ അതിഥിയായി എത്തിയപ്പോൾ സർപ്രൈസായി അരവിന്ദിനെയും വേദിയിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരും ചേർന്നുള്ള നൃത്തവും നന്ദനത്തിന്റെ ഓർമ്മകളുമെല്ലാം സ്റ്റാർ മാജിക് വേദിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ നന്ദനവും തീർച്ചയായും ഉണ്ടാകും. കാരണം, ബാലാമണിയും ഗുരുവായൂർ ക്ഷേത്രവും മനോഹരമായ ഗാനങ്ങളും തമാശകളും എല്ലാം കൊണ്ട് മനോഹരമായൊരു അനുഭൂതിയാണ് മലയാളികൾക്ക് നന്ദനം സമ്മാനിച്ചത്.

Read More: തീരമേ…. ആസ്വാദക ഹൃദയംതൊട്ട് മാലിക്കിലെ ഗാനം

ഗുരുവായൂരപ്പനായി എത്തിയ അരവിന്ദിനെ മലയാളികൾ ഏറ്റെടുത്തെങ്കിലും പിന്നീട് മറ്റ് ഭാഷ ചിത്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച താരം മലയാളത്തിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരുന്നില്ല. നന്ദനത്തിലായിരുന്നു നർത്തകനിൽ നിന്നും നടനിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റം. അഞ്ചുവർഷങ്ങൾക്ക് ശേഷം നടൻ ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്നത് സ്റ്റാർ മാജിക്കിലാണ്.

Story highlights- navya nair and aravind nandanam movie song