രജനികാന്ത് നായകനായ ‘അണ്ണാത്തെ’ നവംബർ നാലിന് തിയേറ്ററുകളിലേക്ക്

July 2, 2021

രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത അണ്ണാത്തെ വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് തീയതി പങ്കുവെച്ചിരിക്കുകയാണ്. നവംബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സൺ പിക്ചേഴ്‌സ് നിർമ്മിക്കുന്ന അണ്ണാത്തെയിൽ നിരവധി ജനപ്രിയ താരങ്ങളുമുണ്ട്. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്‌ബു, പ്രകാശ് രാജ്, സതീഷ്, സൂരി, ജോർജ് മരിയൻ തുടങ്ങി നിരവധി അഭിനേതാക്കൾ ഈ ചിത്രത്തിലുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി എന്റർടൈനർ ആണ് ചിത്രം. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്.

ചിത്രം പൊങ്കൽ റിലീസായി ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വെല്ലുവിളിയായി.റാമോജി റാവു ഫിലിം സിറ്റിയിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ്.

Read More: ജി ആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകനായി ബിജു മേനോൻ

ജാക്കി ഷ്രോഫിന്റെ ആദ്യ തമിഴ് ചിത്രമല്ല അണ്ണാത്തെ. ത്യാഗരാജൻ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന ചിത്രത്തിൽ അവിസ്മരണീയമായ വേഷം ചെയ്തുകൊണ്ടാണ് ജാക്കി ഷ്രോഫ് തമിഴ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. അതിനുശേഷം വിജയ് നായകനായ ബിഗിലിൽ വില്ലൻ വേഷത്തിലും എത്തിയിരുന്നു.

Story highlights- annathe movie release date announced