പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെ കൈയടി നേടിയ മുത്തശ്ശിക്കൊപ്പം അനു സിതാരയുടെ നൃത്തം- വിഡിയോ

July 27, 2021

ഗംഭീര നൃത്ത ചുവടുകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി സമൂഹമാധ്യമങ്ങളിൽ താരമായ ഒരു മുത്തശ്ശിയുണ്ട്. പ്രായത്തെ വെല്ലുന്ന ചുവടുകൾ ചുറുചുറുക്കോടെ കാഴ്ചവെച്ച ആ മുത്തശ്ശി പ്രശസ്ത കൊറിയോഗ്രാഫറായ ബിജു ധ്വനി തരംഗിന്റെ അമ്മയായിരുന്നു.

മുഖഭാവങ്ങളാണ് മുത്തശ്ശിയുടെ നൃത്തത്തിന്റെ പ്രത്യേകത. ബിജുവിന്റെ ഔദ്യോഗിക ടിക്ടോക്ക് അക്കൗണ്ടിലൂടെയാണ് വിഡിയോ വൈറലായി മാറിയത്. പിന്നീട് അമ്മയ്‌ക്കൊപ്പം നിരവധി നൃത്ത വിഡിയോകൾ ബിജു പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, നടി അനു സിതാരയ്‌ക്കൊപ്പം മനോഹര നൃത്തവുമായി എത്തിയിരിക്കുകയാണ് ഈ മുത്തശ്ശി.

മലയാളികളുടെ മനസ്സിൽ ചുരുങ്ങിയ കാലംകൊണ്ട് ഇടംനേടിയ നടിയാണ് അനു സിതാര. നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ അനു സിതാര സമൂഹമാധ്യമങ്ങളിലും സജീവമാണ്. ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ ആരംഭിച്ച അനു സിതാര, നിരവധി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ നൃത്തവിഡിയോകളും അനു സിതാര പങ്കുവയ്ക്കാറുണ്ട്.

Read More: ‘ബ്രോ ഡാഡി’യിൽ കനിഹയും; ലൊക്കേഷൻ ചിത്രവുമായി നടി

ബിജു ധ്വനിതരംഗിന്റെ അമ്മയോടൊപ്പം ‘ഉള്ളിൽ കലിതുള്ളും..’ എന്ന ഗാനത്തിനാണ് അനു സിതാര ചുവടുവയ്ക്കുന്നത്. അതേസമയം,അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- anu sithara and biju dwanitharang’s mother dance