വിശാലിനൊപ്പം ബാബുരാജ്; പനച്ചേല്‍ ജോമോന് ശേഷം വില്ലനായി താരം

ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയതാണ് ബാബുരാജ്.. വില്ലൻ കഥാപാത്രങ്ങളിൽ നിന്നും ഹാസ്യതാരമായും മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. തു പ ശരവണ്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ബാബുരാജ് അഭിനയിക്കുന്നത്. വിശാലിനോടൊപ്പം ബാബുരാജ് അഭിനയിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ഡിംപിള്‍ ഹയതിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.
അതേസമയം സിനിമയുടെ ഹൈദരാബാദിലെ ചിത്രീകരണം പൂർത്തിയായി. ഇനി ചെന്നൈലായിരിക്കും ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്യുക.കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരിക്ക് പറ്റിയിരുന്നു. ഇരുവരും ചേർന്നുള്ള സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് വിശാലിന് പരിക്ക് പറ്റിയത്. എന്നാൽ ഇപ്പോൾ താരം സുഖം പ്രാപിച്ചുവരുന്നതായാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. വിശാലിന്റെ 31 -മത്തെ സിനിമയാണ് ഇത്.
Read also:യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി ഇന്ത്യയിലെ ധോലവീര; അറിയാം ഈ നഗരത്തെ
അതേസമയം ബാബുരാജിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ജോജിയാണ്. ജോജിയില്‍ പനച്ചേല്‍ ജോമോന്‍ എന്ന കഥാപാത്രത്തെയാണ് ബാബു രാജ് അവതരിപ്പിച്ചത്. ഈ കഥാപാത്രം ഇഷ്ടപ്പെട്ട വിശാല്‍ തന്നെയാണ് പുതിയ ചിത്രത്തിലേക്ക് ബാബുരാജിനെ ക്ഷണിച്ചത്. ഫഹദ് ഫാസിൽ മുഖ്യകഥാപാത്രമായ ചിത്രത്തിൽ ഫഹദിന്റെ സഹോദരന്റെ വേഷത്തിലാണ് ബാബുരാജ് എത്തിയത്. മികച്ച സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിച്ചതും. താരത്തിന്റെ രംഗങ്ങള്‍ പലതും സൈബര്‍ ഇടങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights: Baburaj in Vishal’s new movie