കാഴ്ചയിൽ കൗതുകമുണർത്തുന്ന കുമിളവീട്; പത്ത് വർഷങ്ങൾകൊണ്ട് ഒരുക്കിയ വീടിന് പിന്നിൽ
സ്വന്തമായി ഒരു വീട് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ചിലരെങ്കിലും പതിവ് രീതികളിൽനിന്നും വ്യത്യസ്തമായി തങ്ങളുടെ വീടുകൾ വെറൈറ്റി ആവണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാർക്കിടയിൽ ശ്രദ്ധ നേടുകയാണ് കുമിളവീട്. കണ്ടാൽ ആരുമൊന്ന് നോക്കിപോകും അത്രമേൽ മനോഹരമാണ് ഈ വീട്. ആനിമേഷൻ ചിത്രങ്ങളിൽ മാത്രം കണ്ടുപരിചിതമായ പലതും നമുക്ക് ഇവിടെ കാണാനാകും. സാധാരണ കാണുന്ന ആകൃതിയിൽ നിന്നും വ്യത്യസ്തമായി കുറച്ച് വൃത്താകൃതിയിലുള്ള കുമിളകൾ ചേർത്തുവെച്ചാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലാണ് ഈ മനോഹരമായ നിർമിതി ഉള്ളത്. ആർകിടെക്റ്റായ ഗ്രഹാം ബിർച്ചാളാണ് ഈ മനോഹരമായ നിർമിതിയ്ക്ക് പിന്നിൽ. 1980- ൽ ഒരുങ്ങിയ ഈ നിർമിതി ഏതാണ്ട് പത്ത് വർഷത്തോളം എടുത്താണ് പൂർത്തിയാക്കിയത്. അതേസമയം വളരെ പഴക്കം ചെന്ന നിർമിതി ആണെങ്കിലും അടുത്തിടെയാണ് ഈ വീട് ലോകശ്രദ്ധ നേടിയത്. വില്പനയ്ക്കായി ലിസ്റ്റ് ചെയ്തതോടെയാണ് ഈ വീടിനെക്കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞത്.
ആദ്യകാഴ്ചയിൽ പുറമെ നിന്ന് നോൽക്കുമ്പോൾ ചേർത്തുവെച്ച കുറച്ച് കുളിമകളാണ് എന്ന് തോന്നുമെങ്കിലും മൂന്ന് നിലകളിലായാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. അതേസമയം നാസയുടെ മാർസ് റോവറിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വീടിൻറെ ജനാലകൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ കാഴ്ചയിൽ വിചിത്രമാണെങ്കിലും ഒരു സാധാരണ വീട്ടിൽ കാണുന്ന പോലുള്ള സൗകര്യങ്ങളൊക്കെ ഈ വീട്ടിലും നിർമിച്ചിട്ടുണ്ട്. 20 മുറികൾ ഉള്ള ഈ വീട് ഏകദേശം പതിനൊന്ന് ലക്ഷത്തോളം രൂപ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തവും കൗതുകകരവുമായ എന്തിനും കാഴ്ചക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ കാഴ്ചക്കാർക്കിടയിൽ പ്രിയമേറുകയാണ് ഈ കുമിളവീടും.
Story Highlights: Astonishing Bubble house with 20 rooms on sale