ഒന്ന് ഉറങ്ങിയാൽ ഉണരുന്നത് 25 ദിവസങ്ങൾക്ക് ശേഷം; വർഷത്തിൽ 300 ദിവസവും ഉറങ്ങേണ്ടിവരുന്ന ഒരാൾ, അപൂർവ രോഗാവസ്ഥ

July 14, 2021

ഉറക്കമില്ലായ്‌മ പ്രധാന പ്രശ്നമായി അലട്ടുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. എന്നാൽ ഒന്ന് കിടന്നാൽ ദിവസങ്ങൾ കഴിഞ്ഞ് എണീക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ… ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ എന്ന അപൂര്‍വ രോഗത്തിന് അടിമകളായവരാണ് ഇത്തരത്തിൽ ദിവസങ്ങളോളം കിടന്നുറങ്ങുന്നവർ. വളരെ വിരളമായി, ലോകത്ത് പത്ത് ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകാൻ സാധ്യതയുള്ള രോഗാവസ്ഥയാണ് ഇത്. എന്നാൽ ഇങ്ങനെ ഒരാൾ നമ്മുടെ ഇന്ത്യയിലുണ്ട്.

രാജസ്ഥാനിലെ നഗൗർ സ്വദേശിയായ പുർഖരം എന്ന വ്യക്തിയാണ് ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ എന്ന അപൂര്‍വ രോഗാവസ്ഥയുമായി ജീവിക്കുന്നത്. 23 വയസ് മുതൽ ഈ രോഗത്തിന് അടിമയായി ജീവിക്കുന്ന പുർഖരത്തിന് ഇപ്പോൾ 42 വയസുണ്ട്. ഒരിക്കൽ കിടന്നാൽ 25 ദിവസങ്ങൾ കഴിഞ്ഞാണ് പുർഖരം എഴുന്നേൽക്കുന്നത്. വർഷങ്ങളായി ഈ രോഗാവസ്ഥയിലായതിനാൽ ഒരു മാസത്തിൽ അഞ്ച് ദിവസം മാത്രമാണ് പുർഖരത്തിന് ഉണർന്നിരിക്കാൻ കഴിയുക. അതായത് വർഷത്തിൽ മുന്നൂറോളം ദിവസങ്ങൾ ഉറക്കമായിരിക്കും. ഈ രോഗത്തിന്റെ തുടക്കകാലത്ത് പതിനഞ്ച് ദിവസം വരെയായിരുന്നു പുർഖരം ഉറങ്ങിക്കൊണ്ടിരുന്നത്. എന്നാലിപ്പോൾ 25 ദിവസത്തോളമാണ് ഇദ്ദേഹം ഉറങ്ങുക.

Read also; എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47% വിജയം

അതേസമയം അടുത്തിടെ ക്ളൈൻ ലെവിൻ സിൻഡ്രോം രോഗാവസ്ഥയിൽപെട്ട കൊളംബിയ സ്വദേശിയായ ഷാരിഖ് ടോവർ എന്ന പെൺകുട്ടിയെക്കുറിച്ചുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ടു വയസുമുതലാണ് ഈ പെൺകുട്ടിയിൽ ഈ രോഗാവസ്ഥ കണ്ടുതുടങ്ങിയത്. നീണ്ട 48 ദിവസത്തെ ഉറക്കത്തിന് ശേഷമാണ് ഷാരിഖ് ടോവർ അടുത്തിടെ ഉണർന്നത്. ഇത്തരത്തിലുള്ള നാല്പതോളം കേസുകളാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story highlights: man sleeps 300 days a year due to this rare disorder