ഒടിടി റിലീസിനൊരുങ്ങി മഞ്ജു വാര്യരുടെ ‘ചതുര്‍മുഖം’

July 7, 2021
Chathurmugham OTT release

പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ചതുര്‍മുഖം എന്ന ചിത്രത്തെ. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. തിയേറ്റര്‍ റിലീസിന് പിന്നാലെ ഒടിടി റിലീസിനൊരുങ്ങുകയാണ് ചതുര്‍മുഖം. ജൂലൈ ഒന്‍പതിന് സീ5-ലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്നോ ഹൊറര്‍ ചിത്രം കൂടിയാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണെങ്കിലും ടെക്നോ ഹൊറര്‍ എന്ന സിനിമാ അനുഭവം അപൂര്‍വമാണ്. കാഴ്ചക്കാരില്‍ ഭീതി ജനിപ്പിയ്ക്കാന്‍ ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും എല്ലാം ഉപയോഗപ്പെടുത്തുന്നു ടെക്‌നോ ഹൊറര്‍ ചിത്രങ്ങളില്‍.

Read more: പരുമലച്ചെരുവിലെ പടിപ്പുരവീട്ടില്‍… ഏഴിമല പൂഞ്ചോലയ്ക്ക് ചുവടുവെച്ച് ആടുതോമയും സുന്ദരിമാരും

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാലാമത്തെ മുഖമായി എത്തുന്നത് മൊബൈല്‍ ഫോണ്‍ ആണെന്നതാണ് ചതുര്‍മുഖത്തിന്റെ മറ്റൊരു കൗതുകം. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Chathurmugham OTT release