ആവേശം നിറച്ച് ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് ആഘോഷം; അന്നും ഇന്നും ആള് കൂളെന്ന് ക്രിക്കറ്റ് ലോകം

July 2, 2021

ലോകമെങ്ങും ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ക്രിസ് ഗെയ്ൽ. കളിക്കളത്തിലെ മത്സരാവേശത്തിനപ്പുറം ചിലപ്പോഴൊക്കെ ക്രിസ് ഗെയ്‌ലിന്റെ വിജയാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ കാഴ്ചക്കാരിൽ ആവേശം നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ കൗതുകമാകുകയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി- 20 മത്സരത്തിനിടെയിലെ ഗെയ്‌ലിന്റെ ആഘോഷപ്രകടനങ്ങൾ.

മത്സരത്തിൽ ബാറ്റിങ്ങിൽ മികച്ച രീതിയിൽ ശോഭിക്കാൻ കഴിയാതിരുന്ന ക്രിസ് പക്ഷെ ബോളിങ്ങിൽ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റിങ്ങിറങ്ങിയപ്പോൾ എട്ട് പന്തിൽ ഒരു ഫോർ ഉൾപ്പെടെ അഞ്ച് റൻസുകൾ മാത്രമായിരുന്നു ക്രിസ് ഗെയിലിന്റെ സമ്പാദ്യം. എന്നാൽ ബോളിങ്ങിനായി എത്തിയ ക്രിസ് ആദ്യ പന്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കി ആ വരവ് ആഘോഷമാക്കുകയായിരുന്നു. ഈ വിക്കറ്റ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്. പ്രായം നാല്പത് കഴിഞ്ഞെങ്കിലും ഇരുപത് കാരന്റെ എനർജിയിലാണ് താരത്തിന്റെ പ്രകടനം എന്നാണ് സോഷ്യൽ ഇടങ്ങളിലും കമന്റുകൾ നിറയുന്നത്.

Read also; സെൽഫിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ ഗ്രാമം…

ആദ്യ വിക്കറ്റിന് ശേഷം പിന്നീടും രണ്ട് ക്യാച്ചുകളുമായി ക്രിസ് വീണ്ടും കളിക്കളത്തിൽ തിളങ്ങി, ക്രിസ് ഗെയ്‌ലിന്റെ ഈ ആഘോഷപ്രകടനങ്ങൾ കണ്ടതോടെ നിരവധിപ്പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. വിഡിയോ കണ്ട് ‘ക്രിസ് ഗെയ്‌ലിനെപ്പോലെ കൂളായിട്ടുള്ള ക്രിക്കറ്റ് താരങ്ങൾ മറ്റെങ്ങുമില്ല’ എന്നാണ് ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ ട്വീറ്റ് ചെയ്തത്.

Story highlights; chris gayle pulls off a cartwheel celebration