റെയില്‍വേ സ്റ്റേഷനിലെ ഔദ്യോഗിക എലിപിടുത്തക്കാരന്‍; ഈ പൂച്ച ആള് കേമനാണ്

July 10, 2021
George The Stourbridge Junction Station Cat

ഒരു പൂച്ചയുണ്ട്, പേര് ജോര്‍ജ്ജ്. ആള് വെറുമൊരു പൂച്ചയല്ല, റെയില്‍വേ സ്റ്റേഷനിലെ ഔദ്യോഗിക ഉദ്യാഗസ്ഥനാണ്. വെസ്റ്റ് മിഡ്‌ലാന്‍ഡിലെ സ്‌റ്റോര്‍ ബ്രിഡ്ജ് ജംഗഷന്‍ സ്‌റ്റേഷനിലാണ് പൂച്ചയുടെ ജോലി. കഴുത്തില്‍ ടാഗ് ഒക്കെയിട്ട് സ്‌റ്റേഷനിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ജോര്‍ജ്ജ് യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയാണ്.

സ്‌റ്റേഷനിലെ ഔദ്യോഗിക എലിപിടുത്തക്കാരനാണ് ജോര്‍ജ്ജ് എന്ന ഈ പൂച്ച. ആറ് വയസ്സാണ് ജോര്‍ജ്ജിന്റെ പ്രായം. അടുത്തിടെയാണ് ജോലിയില്‍ ഈ പൂച്ചയ്ക്ക് ഔദ്യോഗിക സ്ഥാനം ലഭിച്ചത്. അതിന് മുന്‍പ് ആള് താല്‍ക്കാലിക ജീവനക്കാരനായിരുന്നു എന്നു പറയാം. മൂന്ന് വര്‍ഷത്തോളമായി പൂച്ച സ്റ്റേഷനിലെത്തിയിട്ട്. എലി പിടുത്തത്തില്‍ തന്റെ കഴിവ് പുറത്തെടുത്ത പൂച്ച അങ്ങനെ സ്റ്റേഷനിലെ ഔദ്യോഗിക എലിപിടുത്തക്കാരനുമായി.

Read more: അതിസാഹസിക പ്രകടനത്തില്‍ അതിശയിപ്പിച്ച് അഞ്ച് വയസ്സുകാരി

ട്രെയിന്‍ സ്റ്റേഷനിലെ സൂപ്പര്‍വൈസറായ ഇയാന്‍ ടോംലിന്‍സനാണ് പൂച്ചയെ ആദ്യമായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഇരുവരും തമ്മില്‍ വളരെ അടുത്ത സൗഹൃദവുമുണ്ട്. വൈകുന്നേരം ജോലി കഴിഞ്ഞ് ഒരുമിച്ചാണ് മടക്കവും. സ്റ്റേഷനിലെത്തുന്നവരോടെല്ലാം പരിചയമുള്ള മട്ടിലാണ് ജോര്‍ജ്ജ് ഇടപെടുന്നത്. ചിലരാകട്ടെ ജോര്‍ജ്ജിന് സമ്മാനങ്ങളും നല്‍കുന്നു.

എന്തായാലും സ്‌റ്റോര്‍ ബ്രിഡ്ജ് ജംഗഷന്‍ സ്‌റ്റേഷനിലെ താരമാണ് ഈ പൂച്ച. ജോര്‍ജ്ജിന്റെ ശബ്ദം കേട്ടാല്‍ മതി എലികളെല്ലാം ഓടി ഒളിക്കും. സ്‌റ്റേഷന്റെ എല്ലായിടങ്ങളിലും ജോര്‍ജ്ജിന്റെ നോട്ടം കൃത്യമായി എത്താറുമുണ്ട്. മടിയില്ലാതെയാണ് ജോര്‍ജ്ജ് ജോലി ചെയ്യുന്നതും. എന്തായാലും ഈ പൂച്ച ആള് ഒരു കേമനാണ്.

Story highlights: George The Stourbridge Junction Station Cat