‘തിരിച്ച് മായാനദിയിലെ പാട്ടുംകേട്ട് നിറഞ്ഞ മനസോടെയാണ് മടങ്ങിയത്’ -ഹൃദയംതൊട്ട അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഏറെ പ്രത്യേകതകളോടെ എത്തുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു പ്രണയ ചിത്രമായ ഹൃദയം പതിനാലോളം ഗാനങ്ങളുണ്ടെന്ന പേരിലും ശ്രദ്ധേയമായിരുന്നു. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തുവിട്ടു തുടങ്ങുകയാണെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു.
കല്യാണി പ്രിയദർശന്റെ കാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ‘ഈ പെൺകുട്ടിയ്ക്ക് നൽകാൻ സ്നേഹമല്ലാതെ മറ്റൊന്നുമില്ല. ഒരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാൻ ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും സന്തോഷം തോന്നിയ സിനിമ…’- പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കല്യാണി പ്രിയദർശൻ കുറിക്കുന്നു.
വളരെ വൈകാരികമായ ഒരു കുറിപ്പ് വിനീത് ശ്രീനിവാസനും പങ്കുവെച്ചിട്ടുണ്ട്.
‘ഞാൻ സ്ക്രിപ്റ്റ് അമ്മുവിനോട് വിവരിച്ചതും അവൾ യെസ് പറഞ്ഞതുമായ ദിവസം എനിക്ക് മറക്കാൻ കഴിയില്ല. വള്ളുവാർക്കോട്ടത്തിലെ അമ്മുവിൻറെ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ കുറച്ചു നേരം എന്റെ കാറിൽ ഇരുന്നു. എനിക്ക് 18 വയസ്സുള്ളപ്പോൾ ഒരു വോയിസ് ടെസ്റ്റിനായി പ്രിയൻ അങ്കിളിനെയും വിദ്യാസാഗർ സാറിനെയും കാണാൻ പോയ അതേ സ്ഥലമാണ്. ആ വോയിസ് ടെസ്റ് നന്നായി നടന്നു, അത് എന്നെ മുന്നോട്ട് കൊണ്ടുപോയി, അവിടെ നിന്ന് ആരംഭിച്ച ഒരു അത്ഭുതകരമായ യാത്ര.
ദർശനയും അപ്പുവും സിനിമ ചെയ്യാൻ നേരത്തെ തന്നെ സമ്മതിച്ചിരുന്നതിനാൽ, അന്ന് രാത്രി അമ്മു സമ്മതമറിയിച്ചതോടെ സിനിമയിലെ മൂന്ന് പ്രധാന അഭിനേതാക്കളെയും എനിക്ക് ലഭിച്ചു. അന്ന് ഞാൻ മായാനദിയിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനം കേട്ടുകൊണ്ടാണ് സന്തോഷം നിറഞ്ഞ മനസ്സോടെ വീട്ടിലേക്ക് മടങ്ങിയത്. അതൊരു മനോഹരമായ രാത്രി ആയിരുന്നു ..ഹൃദയത്തിൽ നിന്നുള്ള അമ്മുവിന്റെ ആദ്യ വ്യക്തിഗത പോസ്റ്റർ ഇതാ..’ – വിനീത് ശ്രീനിവാസൻ കുറിക്കുന്നു. ദർശനയുടെ പോസ്റ്ററാണ് ആദ്യം പങ്കുവെച്ചത്. കഥ ആദ്യം കേട്ടതും ദർശന ആയിരുന്നു എന്ന് വിനീത് കുറിച്ചിരുന്നു. ഇനി പ്രണവ് മോഹൻലാലിൻറെ പോസ്റ്ററിനായി കാത്തിരിക്കുകയാണ് ആരാധാകർ.
Story highlights- kalyani priyadarshan’s individual poster from hridayam movie