കൊവിഡ് മഹാമാരിക്കാലത്ത് അനാഥരായ 100 കുഞ്ഞുങ്ങളെ ദത്തെടുക്കാനെത്തിയ യുവാവ്; അറിയാം ജയ് ശർമ്മയെക്കുറിച്ച്…
ലോകം മുഴുവൻ ഭീതി ജനിപ്പിച്ചുകൊണ്ടാണ് കൊറോണ വൈറസ് പിടിമുറുക്കിയത്. കൊവിഡ്-19 മഹാമാരിക്കാലം നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് നമുക്ക് സമ്മാനിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടമായവരും പ്രിയപ്പെട്ടവ നഷ്ടമായവരുമൊക്കെ ഇക്കാലത്ത് വളരെയധികമാണ്. എന്നാൽ ഈ കാലഘട്ടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളാണ് ഏറ്റവും വേദന നിറയ്ക്കുന്ന കാഴ്ചയാകുന്നത്. ഒന്നും രണ്ടുമല്ല നിരവധി കുട്ടികൾക്കാണ് ഈ മഹാമാരിമൂലം അവരുടെ മാതാപിതാക്കളെ നഷ്ടമായത്. ഇത്തരത്തിൽ അനാഥരായ നൂറ് കുട്ടികളെ ദത്തെടുക്കാൻ ഒരുങ്ങുകയാണ് ഡെറാഡൂൺ സ്വദേശിയായ ജയ് ശർമ്മ.
സാമൂഹ്യപ്രവർത്തകനായ ജയ് ശർമ്മ, ജസ്റ്റ് ഓപ്പൺ യുവർസെൽഫ് എന്ന എൻജിഓയുടെ സ്ഥാപകനാണ്. ജയ് ശർമ്മ തന്നെയാണ് നൂറോളം കുട്ടികളെ ദത്തെടുക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘കൊവിഡ് രണ്ടാം തരംഗം ശക്തമായിക്കൊണ്ടിരിക്കുന്ന കാലയളവിൽ ഒരിക്കൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് ഒരു വീട്ടിൽ തനിച്ചായ അഞ്ചോളം കുട്ടികളെ കാണാനും അവരുമായി അടുത്തിടപഴകാനും സാധിച്ചു. ഇവരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർ അഞ്ച് വയസിന് താഴെയുള്ളവരാണ്. ഈ അവസ്ഥ കാണേണ്ടിവന്നത് ഞങ്ങളിൽ കൂടുതൽ വിഷമം ഉണ്ടാക്കി. പിന്നീട് ഇത്തരത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കൂടുതൽ കുട്ടികളെ കാണാൻ ഇടയായി.
Read also; ആവേശം നിറച്ച് ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് ആഘോഷം; അന്നും ഇന്നും ആള് കൂളെന്ന് ക്രിക്കറ്റ് ലോകം
നിലവിൽ ഇതരത്തിൽ അനാഥരായ 20 ഓളം കുട്ടികൾക്ക് ഭക്ഷണവും മരുന്നും സാമ്പത്തീക സഹായവും നൽകുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള അമ്പതോളം കുട്ടികളെ ദത്തെടുക്കാനാണ് തീരുമാനം. തുടർന്ന് 100 കുട്ടികളും. ഈ കുട്ടികൾ സ്വയം പര്യാപ്തത നേടുന്നതുവരെ അവർക്ക് എല്ലാത്തരത്തിലുമുള്ള പിന്തുണ നൽകുമെന്നും’ ജയ് ശർമ്മ കുറിച്ചു. അതേസമയം ജയ് ശർമ്മയുടെ കീഴിലുള്ള സംഘടന ഇത്തരത്തിൽ അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ് ഇപ്പോൾ.
Story highlights; Man to Adopt 100 Children Who Lost Both Parents to Covid-19 Pandemic