സിനിമ പ്രേമികളെ ആവേശത്തിലാക്കാൻ ‘നവരസ’ എത്തുന്നു; ശ്രദ്ധനേടി ടീസർ

July 9, 2021

തെന്നിന്ത്യൻ സിനിമ ആസ്വാദകർ കാത്തിരിക്കുന്നതാണ് മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും കൈകോർക്കുന്ന നവരസ എന്ന ആന്തോളജി ചിത്രം. നവരസങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ഗൗതം മേനോൻ, പ്രയാഗ മാർട്ടിൻ, പ്രസന്ന തുടങ്ങി നിരവധി താരങ്ങൾ വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ ടീസർ. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പ്രത്യേക ടീസർ പുറത്തിറക്കിയത്. ഓഗസ്റ്റ് ആറിനാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഗൗതം മേനോനും സൂര്യയും ഒന്നിക്കുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ ആണ് ആന്തോളജിയിലെ പ്രധാന ആകര്‍ഷണം.

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, സർജുൻ കെ.എം, പ്രിയദർശൻ, രതീന്ദ്രൻ പ്രസാദ്, വസന്ത്, എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് നവരസയിൽ ഒരുങ്ങുന്നത്.

Read also: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 43,393 പുതിയ കൊവിഡ് കേസുകൾ; പ്രതിദിന കണക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ

അതേസമയം ചിത്രങ്ങളിൽ നിന്നുള്ള വരുമാനം കൊറോണ വൈറസ് പ്രതിസന്ധിയിലാക്കിയ തമിഴ് സിനിമയിലെ ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമത്തിലേക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അതിന് പുറമെ ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങൾ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നത് എന്നും നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.

Story Highlights: mani ratnam movie navarasa teaser