അടിച്ചെടുത്ത റണ്‍സില്‍ ചരിത്രം കുറിച്ച് മിതാലി രാജ്
റണ്‍വേട്ടയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ രണ്‍സ് നേടിയ വനിതാ താരം എന്ന റെക്കോര്‍ഡാണ് മിതാലി രാജ് സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ഏകദിനത്തിലാണ് മിതാലി ചരിത്ര നേട്ടത്തിലേക്ക് അടിച്ചുകയറിയത്.
മത്സരത്തില്‍ ഇന്ത്യയാണ് ജയിച്ചത്. 220 ആയിരുന്നു വിജയലക്ഷ്യം. നിശ്ചിത ഓവറിന് മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ മറികടന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 86 പന്തില്‍ നിന്നുമായി 75 റണ്‍സാണ് ക്യാപ്റ്റനായ മിതാലി രാജ് അടിച്ചെടുത്തത്.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സ് കുറിച്ച ചരിത്രമാണ് ഇന്ന് മിതാലി രാജ് തിരുത്തിക്കുറിച്ചത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 10,337 റണ്‍സ് നേടിക്കൊണ്ടാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ള വനിതാ താരമായി മിതാലി ചരിത്രം രചിച്ചത്. 10,273 റണ്‍സ് ആയിരുന്നു ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിന്റെ നേട്ടം.
Story highlights: Mithali Raj Leading Run-Scorer In Women’s International Cricket