12TH MAN-ൽ മോഹൻലാലിനൊപ്പം വേഷമിടാൻ ആറു പുരുഷന്മാരും ആറു സ്ത്രീകളും ; ഒരുങ്ങുന്നത് മിസ്റ്ററി ത്രില്ലർ

July 12, 2021

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്ക് എപ്പോഴും ഒരു ത്രില്ലർ സ്വഭാവമാണ് ഉള്ളത്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 12TH MAN. ഈ ചിത്രവും നിഗൂഢതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെയാണ് മുന്നേറുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയിൽ ആറ് പുരുഷന്മാരും ആറ് സ്ത്രീകളും പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്നാണ് ജീത്തു ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കിയിലെ കുളമാവിലും കൊച്ചിയിലുമായി ചിത്രീകരിക്കാനാണ് പദ്ധതി. മോഹൻലാലിനൊപ്പം വേഷമിടുന്ന താരങ്ങൾ ആരൊക്കെയെന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ‘നിഴലുകള്‍ അനാവരണം ചെയ്യുന്നു’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്. ‘ദൃശ്യം 2’ ഗംഭീര വിജയമായതോടെ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രമെന്നാണെന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രോ ഡാഡി എന്ന സിനിമയേക്കാൾ മുൻപ് ജീത്തുവിന്റെ മിസ്റ്ററി ത്രില്ലർ ആയിരിക്കും ഒരുങ്ങുക. അതേസമയം, മോഹൻലാലിനെ നായകനാക്കി റാം എന്ന സിനിമയും ജീത്തു ജോസഫ് ഒരുക്കുന്നുണ്ട്.

Story highlights- mohanlal- jeethu joseph 12th man