മകൾക്ക് പതിനാലാം പിറന്നാൾ; പാട്ടിലൂടെ ആശംസ അറിയിച്ച് നരേൻ
അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് നരേൻ. മലയാളത്തിന് പുറമെ തമിഴിലും താരമായി മാറിയ നരേൻ ഏറ്റവുമൊടുവിൽ കൈതി എന്ന സിനിമയിലാണ് അഭിനയിച്ചത്. കമൽഹാസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തിലും നരേൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ, മകൾ തന്മയക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് താരം.
മകൾക്ക് പതിനാലു വയസ്സുതികയുന്ന വേളയിൽ ഹൃദ്യമായൊരു ആശംസയാണ് നടൻ പങ്കുവെച്ചിരിയ്ക്കുന്നത്. ‘വിഷമ ഘട്ടങ്ങളിൽ, ബുദ്ധിമുട്ടേറിയ പാതകളിൽ, എന്റെ കൈകളിൽ നിന്നെ പിടിക്കുന്നത് എന്റെ ഏക ആശ്വാസമാണ്. ഞാൻ ജനിക്കുന്നതിനു വളരെ മുമ്പുതന്നെ എന്റെ മകളായി ജനിക്കാൻ നീ തീരുമാനിച്ച പ്രകൃതിയുടെ ചുരുളഴിയാത്ത സത്യത്തിൽ വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’ – മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നരേൻ കുറിക്കുന്നു.
ഭാര്യ മഞ്ജുവിനൊപ്പം പാടിയ ഒരു ഗാനവും മകളുടെ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോയിൽ ചേർത്ത് നരേൻ പങ്കുവെച്ചിട്ടുണ്ട്. 2007 ഓഗസ്റ്റ് 26 ലായിരുന്നു ടിവി പ്രോഗ്രാം പ്രൊഡ്യൂസറായ മഞ്ജുവിനെ നരേൻ വിവാഹം ചെയ്യുന്നത്. 2009 ലാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. മലയാളത്തിലെ നരേന്റെ അവസാന ചിത്രം ‘മാർക്കോണി മത്തായി’ ആയിരുന്നു.
Read More: ‘അന്നത്തെ ആ പതിനാറുകാരിയിൽ വിശ്വസിച്ചതിന് നന്ദി’: ആദ്യ ഗാനത്തിന്റെ ഓർമകളിൽ ശ്രേയ ഘോഷാൽ
അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നരേൻ തമിഴിലാണ് കൂടുതൽ തിളങ്ങിയത്. തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതോടെ യഥാർത്ഥ പേരായ സുനിൽ മാറ്റി നരേനിലേക്ക് ചേക്കേറുകയായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ നരേന്റെ താരമൂല്യം ഉയർത്തി. പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങൾ.
Story highlights- narain birthday wishes for his daughter