നിമിഷയും റോഷൻ മാത്യുവും ഒന്നിക്കുന്നു- ഒരുങ്ങുന്നത് മിസ്റ്ററി ത്രില്ലർ

July 3, 2021

കുഞ്ചാക്കോ ബോബനും നമിത പ്രമോദും നായികാനായകന്മാരായ ലോ പോയ്ന്റ്റ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ലിജിൻ ജോസ് ഒരുക്കുന്ന ചിത്രത്തിൽ നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്നു. ഒരു മിസ്റ്ററി ത്രില്ലറാണ് ഒരുങ്ങുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.

ലോ പോയിന്റ് എന്ന സിനിമയുടെ രചയിതാവായ നജീം കോയ തന്നെയാണ് പുതിയ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്. അതേസമയം,നിമിഷ സജയനും റോഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രമാണ് നിമിഷ നായികയായി റിലീസിന് ഒരുങ്ങുന്നത്. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായെത്തുന്ന മാലിക് എന്ന ചിത്രം. 

Read More: ‘എൽസമ്മയെയും പാലുണ്ണിയെയും ഇപ്പോഴും ഓർക്കാറുണ്ട്’- ആദ്യ സിനിമയുടെ ഓർമകളിൽ ആൻ അഗസ്റ്റിൻ

കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് റോഷന്‍ മാത്യു. ബോളിവുഡിലും സാന്നിധ്യമറിയിച്ച താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും ഒരുങ്ങുന്നു. ഷാരൂഖ് ഖാൻ നിർമിക്കുന്ന ചിത്രത്തിലാണ് റോഷൻ വേഷമിടുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഡാര്‍ലിംഗ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്.

Story highlights- Nimisha Sajayan and Roshan Mathew to star together in a mystery film