പാട്ടുപാടാൻ ശ്രമിച്ച് യാഷിന്റെ മകൻ യഥർവ്വ്; കുസൃതികാട്ടി മകൾ- രസകരമായ വിഡിയോ
കെജിഎഫ് താരം യാഷിൻറെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ പിന്തുണ കുടുംബമാണ്. അതുകൊണ്ടുതന്നെ, കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട് യാഷ്. പതിവായി കുടുംബവിശേഷങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. യാഷിനെപോലെ ഭാര്യയും നടിയുമായ രാധികയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ, മക്കളുടെ വളരെ രസകരമായ ഒരു വിഡിയോ പങ്കുവയ്ക്കുകയാണ് രാധിക.
രാധികയുടെ അച്ഛനൊപ്പം ഒരു ഭജൻ ആലപിക്കാൻ ശ്രമിക്കുകയാണ് മകൻ യഥർവ്വ്. ഒരു കുഞ്ഞു മൈക്കും കയ്യിലുണ്ട്. എന്നാൽ, അവർ പാടുന്നതിനേക്കാൾ ശബ്ദത്തിൽ സംസാരിച്ചുകൊണ്ട് കുസൃതിയും കാട്ടി നടക്കുകയാണ് മകൾ ഐറ. അതിനിടയിൽ യഥർവ്വ് മൈക്ക് മുകളിലേക്ക് എറിയുകയും കൃത്യമായി ഐറയുടെ തലയിൽ വന്നു വീഴുകയും ചെയ്തു. രസകരമായ നിമിഷങ്ങളാണ് രാധിക വിഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സ്വർണ ഖനികളുടെ കഥപറഞ്ഞ കെജിഎഫിൽ കണ്ട പരുക്കനായ റോക്കി ഭായിയിൽ നിന്നും വളരെ വ്യത്യസ്തനാണ് ജീവിതത്തിൽ യാഷ്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന യാഷ് ഭാര്യ രാധികയ്ക്കും മക്കൾക്കും ഒപ്പം സമയം കണ്ടെത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കെജിഎഫ്; ചാപ്റ്റർ 2 ചിത്രീകരണം പുനഃരാരംഭിച്ചെങ്കിലും ഇടവേളകളിൽ വീട്ടിലേക്ക് മടങ്ങിയെത്താറുണ്ട് താരം.
Read More: ശങ്കർ ചിത്രത്തിൽ രാം ചരൺ ഇരട്ട വേഷത്തിൽ; നായികയായി കൊറിയൻ ഗായിക
അടുത്തിടെ, മകനെ നഴ്‌സറി പാട്ടുകൾ പഠിപ്പിക്കുന്ന യാഷിന്റെ വീഡിയോ രാധിക പണ്ഡിറ്റ് പങ്കുവെച്ചിരുന്നു. ‘ജോണി ജോണി, യെസ് പപ്പാ..’ എന്ന് യാഷ് പാടുമ്പോൾ അവസാന വരികൾക്കായി കാത്തിരിക്കുകയാണ് മകൻ യഥർവ്. അതേസമയം, കെജിഎഫ്; ചാപ്റ്റർ 2 റിലീസിന് തയ്യാറെടുക്കുകയാണ്.
Story highlights- Radhika Pandit shares an adorable video of kids