ചിത്രത്തിലെ ശിൽപിയെ മനസിലായോ? ആരാധകർക്ക് ചലഞ്ചുമായി ശോഭന

July 15, 2021

നർത്തകിയിൽ നിന്നും നടിയിലേക്ക് ചേക്കേറിയ താരമാണ് ശോഭന. തെന്നിന്ത്യയിൽ നിറസാന്നിധ്യമായിരുന്ന ശോഭന അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത് നൃത്തവേദികളിൽ സജീവമായിരുന്നു. അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് ശോഭന അഭിനയത്തിലേക്ക് വീണ്ടും മടങ്ങിയെത്തിയത്. സമൂഹമാധ്യമങ്ങളിലും വളരെയധികം സജീവമാണ് നടി.

ഇപ്പോഴിതാ, ആരാധകർക്ക് ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി. ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ പകർത്തിയതെന്ന് തോന്നിക്കുന്ന ചിത്രമാണ് ശോഭന പങ്കുവെച്ചിരിക്കുന്നത്. നർത്തകിയുടെ വേഷത്തിലാണ് ശോഭന. ഒരുഭാഗത്ത് ശിൽപിയുടെ വേഷത്തിൽ ഒരാളുണ്ട്. അതാരാണെന്ന് ഊഹിക്കാമോ എന്നാണ് ശോഭന ചോദിക്കുന്നത്. പലരും മോഹൻലാൽ എന്നാണ് കമന്റ്റ് ചെയ്യുന്നത്. എന്നാൽ, ബോളിവുഡ് എന്ന ഹാഷ്ടാഗ് നടി ചിത്രത്തിനൊപ്പം ചേർത്തതുകൊണ്ട് അമിതാഭ് ബച്ചൻ എന്നും കമന്റ്റ് ചെയ്തവരുണ്ട്. എന്നാൽ, ആരാണത് എന്ന് ശോഭന വ്യക്തമാക്കിയിട്ടില്ല.

Read More: ‘ഒരു തെക്കൻ തല്ല് കേസ്’ ഒരുങ്ങുന്നു- ബിജു മേനോനൊപ്പം പത്മപ്രിയയും നിമിഷയും റോഷനും

അഭിനേത്രിയാണെങ്കിലും ആത്മാവിൽ നിറയെ നൃത്തം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ശോഭന. എന്തിനെയും നൃത്തത്തിലൂടെ പ്രകടിപ്പിക്കാനാണ് ശോഭന ശ്രമിക്കാറുള്ളത്. പ്രസിദ്ധ നർത്തകിമാരും നടിമാരുമായ തിരുവിതാംകൂർ സഹോദരിമരുടെ നൃത്തം ശോഭനയുടെ അസ്തിത്വത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി ചെന്നൈയിൽ തിരക്കിലാണ് ശോഭന. സിനിമയിൽ നിന്നും അകന്നു നിന്ന നാളുകളിൽ പോലും നൃത്തം കൈവിട്ടില്ല താരം.

Story highlights- shobhana shares throwback photo