‘ഞാൻ വന്നേക്കുന്നത് കാവലിനാണ്’; മാസ് ഡയലോഗുകളും ആക്ഷനും നിറച്ച് യൂട്യൂബിൽ ട്രെൻഡിങ്ങായി കാവൽ ട്രെയ്‌ലർ

July 19, 2021

മലയാളത്തിൽ നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് സുരേഷ് ഗോപി. വെള്ളിത്തിരയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘കാവൽ’ ആണ് അടുത്തതായി താരത്തിന്റേതായി പ്രേക്ഷകരിലേക്കെത്തുക. കഴിഞ്ഞദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. യൂട്യൂബ് ട്രെൻഡിങ്ങിലും ഇപ്പോൾ ചിത്രം ഇടംനേടിയിരിക്കുകയാണ്. ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ചിത്രം. സുരേഷ് ഗോപിയും രഞ്ജി പണിക്കരും തന്നെയാണ് ട്രെയ്‌ലറിലെയും മുഖ്യ ആകർഷണം.

ചിത്രത്തിൽ സുരേഷ് ഗോപി മാസ് റോളിലാണ് എത്തുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സംഗീത സംവിധായകൻ- രഞ്ജിൻ രാജ്, എഡിറ്റർ- നിഖിൽ എസ് പ്രവീൺ.

Read also: ‘ഹൃദയവനിയിലെ ഗായികയോ…’ സ്റ്റാർ മാജിക് വേദിയിൽ സംഗീത കച്ചേരി ഒരുക്കി ബിനു അടിമാലി

അതേസമയം ലോക്ക്ഡൗൺ സമയത്ത് സുരേഷ് ഗോപിയെ നായകനാക്കി മൂന്നു ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. മാത്യൂസ് തോമസ് പ്ലാമ്മൂട്ടിൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം, ജീം ബൂം ബാ സംവിധായകൻ രാഹുൽ രാമചന്ദ്രനൊരുക്കുന്ന ചിത്രം, മേജർ രവി ഒരുക്കുന്ന സുരേഷ് ഗോപി- ആശ ശരത്ത് ചിത്രം എന്നിവയാണ് അണിയറയിൽ താരത്തിന്റേതായി ഒരുങ്ങുന്നത്.

Story highlights: suresh gopi movie kaaval trailer trending in youtube