ജയ് ഭീമിൽ വക്കീൽ വേഷത്തിൽ സൂര്യ; നായികയായി രജിഷ വിജയൻ

July 26, 2021

പിറന്നാൾ ദിനത്തിൽ സൂര്യ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. പാണ്ഡിരാജിനൊപ്പമുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് പിന്നാലെ താ സേ ജ്ഞാനവേലിനൊപ്പമുള്ള ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധേയമാകുകയാണ്. ജയ് ഭീം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്.

ജയ് ഭീമിലൂടെ സൂര്യയുടെ നായികയായി എത്തുകയാണ് രജിഷ വിജയൻ. ടൈറ്റിലും ഫസ്റ്റ് ലുക്കും അനുസരിച്ച്, ചിത്രത്തിൽ അടിച്ചമർത്തപ്പെടുന്നവർക്കായി പോരാടുന്ന അഭിഭാഷകനായി സൂര്യ അഭിനയിക്കുന്നു. അതേസമയം, ധനുഷിനൊപ്പം നായികയായി കർണൻ എന്ന ചിത്രത്തിലൂടെയാണ് നടി രജിഷ വിജയൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. കർണനിലെ പ്രകടനം രജിഷയ്ക്ക് തമിഴകത്ത് കൂടുതൽ അവസരങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്. 

സൂര്യയുടെ 2 ഡി എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലിൽ പുരോഗമിക്കുകയാണ്. ആദിവാസി ജനതയ്ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകനായി സൂര്യ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read More: ‘പത്മ’യിൽ ശ്രുതി രജനികാന്തും; ശ്രദ്ധനേടി ടീസർ

അതേസമയം, പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ‘സർദാർ’ എന്ന ചിത്രത്തിലും നായിക രജിഷയാണ്. കാർത്തിക്കൊപ്പം ഈ ചിത്രത്തിൽ വേഷമിടുന്നതായി രജിഷ പങ്കുവെച്ചിരുന്നു. ചിത്രത്തിൽ കാർത്തി ഇരട്ട വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം സർദാറിന്റെയും ഷൂട്ടിംഗ് ആരംഭിച്ചു.

Story highlights- Suriya lawyer in Jai Bhim