സൂര്യ നായകനാകുന്ന ‘ജയ് ഭീം’ പങ്കുവയ്ക്കുന്നത് 1993ലെ ഒരു യഥാർത്ഥ സംഭവകഥ
സൂര്യയുടെ ജന്മദിനത്തിൽ നിരവധി സിനിമകളാണ് പ്രഖ്യാപിക്കപ്പെട്ടത്. അതിലൊന്നാണ് താ സേ ജ്ഞാനവേലിനൊപ്പമുള്ള ജയ് ഭീം. ചിത്രത്തിലൂടെ ആദ്യമായി അഭിഭാഷകന്റെ വേഷത്തിൽ എത്താൻ ഒരുങ്ങുകയാണ് സൂര്യ. മലയാളത്തിന്റെ പ്രിയ താരം രജിഷ വിജയനാണ് സിനിമയിൽ വളരെ സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നത്.
അതേസമയം, ആദ്യമായി വക്കീൽ കുപ്പായം അണിയുമ്പോൾ ഒരു യഥാർത്ഥ സംഭവകഥയുമായാണ് താരം എത്തുന്നത്. 1993ൽ നടന്ന ഒരു നിയമപോരാട്ടമാണ് ചിത്രത്തിന് ആസ്പദമാകുന്നത്. 1993ൽ ചന്ദ്രു എന്ന അഭിഭാഷകൻ ഒരു ഇരുളർ ഗോത്ര വർഗത്തിൽപ്പെട്ട സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിനായി നയിച്ച നിയമപോരാട്ടത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. പ്രധാന കഥാപാത്രമായ സ്ത്രീയുടെ വേഷത്തിലാകാം രജിഷ വിജയൻ എത്തുന്നത്.
Read More: അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ പവൻ കല്യാണിന്റെ നായികയായി നിത്യ മേനോൻ
അതേസമയം, ധനുഷിനൊപ്പം നായികയായി കർണൻ എന്ന ചിത്രത്തിലൂടെയാണ് നടി രജിഷ വിജയൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. കർണനിലെ പ്രകടനം രജിഷയ്ക്ക് തമിഴകത്ത് കൂടുതൽ അവസരങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്. സൂര്യയുടെ 2 ഡി എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലിൽ പുരോഗമിക്കുകയാണ്.
Story highlights- surya’s jai bheem is based on a real story