തട്ടത്തിൻ മറയത്തിന്റെ ഒൻപതാം വാർഷികത്തിൽ സർപ്രൈസ് പങ്കുവയ്ക്കാൻ ഒരുങ്ങി വിനീത് ശ്രീനിവാസൻ

July 6, 2021

മലയാളികൾക്ക് ഇടയിൽ ഏറെ ചർച്ചയായ ചിത്രമാണ് തട്ടത്തിൻ മറയത്ത്. പയ്യന്നൂർ കോളേജും, പ്രണയവും സൗഹൃദവുമെല്ലാം തട്ടത്തിൻ മറയത്തിലൂടെ വിനീത് ശ്രീനിവാസൻ പ്രേക്ഷകരിലേക്ക് എത്തി. നിവിൻ പോളിയുടെയും ആദ്യകാല ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഒൻപതുവർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത തട്ടത്തിൻ മറയത്ത്. നിവിൻ പോളി, അജു വർഗീസ് കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒൻപതാം വാർഷികത്തിൽ ഒരു സർപ്രൈസ് പങ്കുവയ്ക്കാൻ ഒരുങ്ങുകയാണ് വിനീത് ശ്രീനിവാസൻ.

വിനീത് ശ്രീനിവാസന്റെ വാക്കുകൾ;

9 വർഷം മുമ്പ് ഇതേ ദിവസമാണ് ‘തട്ടം’ പുറത്തിറങ്ങിയത് .. ആളുകൾ ഇപ്പോഴും സിനിമയെക്കുറിച്ച് വളരെയധികം സ്നേഹത്തോടെ സംസാരിക്കുന്നത് ശരിക്കും ഹൃദയസ്പർശിയാണ്. അതിരാവിലെ മുതൽ എനിക്ക് ലഭിച്ച സന്ദേശങ്ങൾക്കും ടാഗുകൾക്കും എല്ലാവർക്കും നന്ദി !!ഇന്ന് വൈകുന്നേരം, ഹൃദയം എന്ന സിനിമയിലെ നമ്മുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ സ്വതന്ത്ര പോസ്റ്ററുകൾ പ്രസിദ്ധീകരിച്ച് തുടങ്ങുകയാണ്. ഒരു വനിതാ താരത്തിൽ നിന്ന് ആരംഭിക്കുന്നു. അവർക്കാണ് ഞാൻ ആദ്യം തിരക്കഥ വിവരിച്ചത്. അവരാണ് ആദ്യം ലിസ്റ്റിൽ വന്നത്. ദർശന രാജേന്ദ്രന്റെ സ്വതന്ത്ര പോസ്റ്റർ വൈകുന്നേരം 6 മണിക്ക് എത്തും.

2017ൽ പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ദർശന രാജേന്ദ്രൻ. അഭിനയത്തിനൊപ്പം ബാവ്‌ര മൻ എന്ന ഗാനത്തിലൂടെയും ദർശന മലയാളികളുടെ ഹൃദയം കീഴടക്കി. ഹൃദയം എന്ന സിനിമയിൽ നായികയാകുന്നതിനൊപ്പം ഒരു ഗാനം കൂടി ആലപിച്ചിട്ടുണ്ട് നടി.

Read More: വേഷപ്പകർച്ചയിൽ അത്ഭുതപ്പെടുത്തി ഫഹദ്; ശ്രദ്ധനേടി മാലിക് ട്രെയ്‌ലർ

‘ഹൃദയം’ എന്ന സിനിമയിൽ പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനും ഒപ്പം ഒരു പ്രധാന വേഷത്തിൽ ദർശനയും അഭിനയിക്കുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. 42 വർഷത്തിന് ശേഷം മെറിലാൻഡ്‌ സിനിമാസ് നിർമാണത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

Story highlights- vineeth sreenivasan on thattathin marayathu movie anniversary