ശബ്ദത്തിലും ഭാവത്തിലും അതിശയിപ്പിച്ച് അമിതാഭ് ബച്ചന്‍: ശ്രദ്ധ നേടി ചേഹ്‌റെ ടൈറ്റില്‍ ട്രാക്ക്

August 23, 2021
Amitabh Bachchan Chehre

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ചലച്ചിത്രതാരമാണ് അമിതാഭ് ബച്ചന്‍. നിരവധിയാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചേഹ്‌റെ. തികച്ചും വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്.

ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. റുമി ജെഫ്രിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കും പുറത്തിറങ്ങി. അമിതാഭ് ബച്ചന്റെ ശബ്ദഗാത്തിലാണ് ടൈറ്റില്‍ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ശ്രദ്ധ നേടിയിരുന്നു. കുറ്റം തെളിയിക്കപ്പെടുന്ന സമയം വരെ എല്ലാവരും സംശയത്തിന്റെ നിഴലിലാണ് എന്ന ടാഗ് ലൈനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

Read more: മധു ബാലകൃഷ്ണനോട് ചേര്‍ന്ന് ആ ഗംഭീര ഗാനം മേഘ്‌ന പാടി; ഏറ്റെടുത്ത് പ്രേക്ഷകരും

ഓഗസ്റ്റ് 27-നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ചേഹ്‌റെ. ചിത്രത്തില്‍ ഒരു വക്കീല്‍ കഥാപാത്രത്തേയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത് എന്ന ചില റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തെത്തിയിരുന്നു. ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രഞ്ജിത് കപൂറും സംവിധായകന്‍ റുമി ജെഫ്രിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Amitabh Bachchan Chehre Title Track