കാർത്തിയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴകത്തേക്ക്

August 14, 2021

‘8 തോട്ടകൾ’ എന്ന സിനിമയിലൂടെ തമിഴ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ബാലമുരളി. ‘സൂരറൈ പോട്രി’ൽ ബൊമ്മിയായി എത്തിയതോടെ അപർണയുടെ ജനപ്രീതിയും വർധിച്ചു. ആർജെ ബാലാജിക്കൊപ്പം മൂന്നാമത്തെ ചിത്രത്തിൽ വേഷമിടാനൊരുങ്ങുന്ന അപർണ വീണ്ടുമൊരു തമിഴ് ചിത്രത്തിൽ നായികയാകുകയാണ്. നടൻ കാർത്തിയുടെ നായികയായി അപർണ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംവിധായകൻ മുത്തയ്യ ഒരുക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രത്തിലാണ് അപർണ കാർത്തിയുടെ നായികയായി വേഷമിടുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ എത്തിയിട്ടില്ല. അതേസമയം, ആർ ജെ ബാലാജി ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

ചിത്രത്തിൽ സത്യരാജ്, ഉർവശി എന്നിവരും വേഷമിടുന്നുണ്ട്. ബോണി കപൂറിന്റെ ബേവ്യൂ പ്രോജക്റ്റ്സ് എൽ എൽ പി ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം, അപർണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഉല’. പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രം സിക്സ്റ്റീൻ ഫ്രെയിംസിന്റെ ബാനറിൽ ജിഷ്ണു ലക്ഷ്മൺ ആണ് നിർമിക്കുന്നത്.

Read More: നാൽപ്പതുവർഷം പഴക്കമുള്ള ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹ കേക്ക്; ലേലത്തിൽ വിറ്റുപോയത് 1.90 ലക്ഷം രൂപയ്ക്ക്

തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മെയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സംവിധായകനായ പ്രവീൺ പ്രഭാറാമിനൊപ്പം സുജിൻ സുജാതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’.

Story highlights- aparna balamurali to star opposit karthy